ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരില്‍ പണം തട്ടി; ശ്രീതുവിന്റെ അറസ്റ്റ് ഉടന്‍

ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു

ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരില്‍ പണം തട്ടി;  ശ്രീതുവിന്റെ അറസ്റ്റ് ഉടന്‍
dot image

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതുവിനെ ഉടന്‍ അറസ്റ്റ് ചെയ്യും.
സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ശ്രീതു പണം വാങ്ങിയതായി പരാതിയുണ്ടായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ ശ്രീതുവിനെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയും ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു.

ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേ സമയം രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Content Highlight: mother of 2 year old killed in balaramapuram will soon be arrested for financial fraud

dot image
To advertise here,contact us
dot image