കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
dot image

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത‍ൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.

സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസിൽ ഷെറിന്റെ സുഹൃത്തുകൾ ജയിലിൽ തുടരുകയാണ്.

2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്നു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

Content Highlights: Punishment commuted for accused Sherin in Karanavar murder case

dot image
To advertise here,contact us
dot image