
May 17, 2025
06:42 AM
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന്റെ ഉത്തരവ്. നേരത്തെ മുന്‍-പിന്‍ കെട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ശബരിമല തന്ത്രി കത്ത് നല്‍കിയിരുന്നു.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വഴിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കെട്ടില്‍ ഉണക്കലരി, നെയ്ത്തങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയാണ് ഉള്‍പ്പെടുത്തേണ്ടത്. പിന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരി എന്നിവയും ഉള്‍പ്പെടുത്തണം.
ചന്ദനത്തിരി, പനിനീര്‍, കര്‍പ്പൂരം എന്നിവ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇരുമുടിക്കെട്ടില്‍ തന്ത്രി നിര്‍ദേശിക്കുന്നതല്ലാത്ത വസ്തുക്കൾ കൊണ്ടുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പല സ്ഥാനങ്ങളും ആവശ്യമില്ലാത്തതാണെന്ന് തന്ത്രിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
Content Highlight:Devaswom board list items to be included in Irumudikettu