
തിരുവനന്തപുരം: 2019 ഡിസംബര് 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.
മലയാള സിനിമാ മേഖലയില് നടിമാര് നേരിടുന്ന ലൈംഗികാതിക്രമം ഉള്പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്ട്ടില് ഉള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ റിപ്പോര്ട്ടര് ടിവി പ്രിന്സിപ്പിള് കറസ്പോണ്ടന്റ് ആര് റോഷിപാലിനുള്പ്പടെ റിപ്പോര്ട്ടിന്റെ സോഫ്റ്റ് കോപ്പി ഇമെയിലില് ലഭ്യമായി. പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന റിപ്പോര്ട്ടിലെ 233 പേജും സ്കാന് ചെയ്ത് പിഡിഎഫ് ഫോര്മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
പരാതി പരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള് നടക്കുന്ന ഇടമാണ് സിനിമാ വ്യവസായം.വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരുപിടി നിര്മ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന് കണ്ട്രോളര്മാരും അടങ്ങുന്ന ഒരു ശക്തി ബന്ധമാണ് മലയാള ചലച്ചിത്ര വ്യവസായത്തിനുള്ളത്. അധികാര ബന്ധമുള്ള ആരെങ്കിലും ലൈംഗികാതിക്രമം നടത്തുമ്പോള്, സംഭവം നടന്ന പ്രത്യേക സിനിമയില് നിന്ന് മാത്രമല്ല, മറ്റുള്ള എല്ലാ സിനിമകളില് നിന്നും പുറത്താക്കപ്പെടുമെന്നതുകൊണ്ടുതന്നെ സ്ത്രീകള്ക്ക് പരാതിപ്പെടാന് ഭയമാണ്.