
ഒറ്റപ്പാലം : നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്ക് പാലത്തില്നിന്ന് ചാടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം മായന്നൂര് പാലത്തില്നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തുചാടിയ ഒറ്റപ്പാലം ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. പുഴയില് ചാടി മായന്നൂര് കടവുവരെ ഇയാള് നീന്തിയെത്തിയെന്ന് പൊലീസ് പറയുന്നു.
പൊതുമധ്യത്തില് അപകടകരമായ പ്രവൃത്തി ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാള്ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. രവി നീന്തലില് വൈദഗ്ധ്യമുള്ളയാളാണ്. പുഴയിലും മറ്റും ആളുകള് കുടുങ്ങുന്ന സാഹചര്യങ്ങളില് ഇയാള് പൊലീസിനെയും അഗ്നിരക്ഷാസേനയെയും സഹായിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയില് സുഹൃത്തുക്കള്ക്കൊപ്പം വരികയായിരുന്ന ഇയാള് പാലത്തില് ഇറങ്ങുകയും പെട്ടെന്ന് പാലത്തിന്റെ മധ്യഭാഗത്തുനിന്ന് നിറഞ്ഞുകിടക്കുന്ന പുഴയിലേക്ക് ചാടുകയുമായിരുന്നു.
തുടര്ന്ന് കുത്തൊഴുക്കുള്ള പുഴയില് മായന്നൂര് കടവുവരെ നീന്തിയ ഇയാളെ നാട്ടുകാര് വിവരമറിയിച്ചതിനെത്തുടര്ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതപ്പുഴ നിറഞ്ഞു കണ്ട ആവേശത്തില് നീന്താന് തോന്നിയെന്നാണ് ഇയാള് പൊലീസിന് നല്കിയ മൊഴി. പൊതുജനമധ്യത്തില് അപകടകരമായ പ്രവൃത്തി ചെയ്യുന്നവര്ക്കെതിരേ നടപടിയെടുക്കുമെന്നും ഒറ്റപ്പാലം പൊലീസ് ഇന്സ്പെക്ടര് എ. അജീഷ് പറഞ്ഞു. കാഴ്ച കാണുന്നതിനായെത്തി മായന്നൂര് പാലത്തില് വാഹനങ്ങള് പാര്ക്ക് ചെയ്യുന്നവര്ക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.