പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ചരക്ക് ട്രെയിനുകള്‍ക്കും വ്യത്യസ്ത എഞ്ചിനുകള്‍ ഉള്ളത് എന്തുകൊണ്ട്?

എല്ലാതരം ട്രെയിനുകള്‍ക്കും ഒരേ എഞ്ചിന്‍ പോരേ, എന്തിനാണ് പലതരം എഞ്ചിന്‍.പിന്നിലെ കാരണം അറിയാം

പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ചരക്ക് ട്രെയിനുകള്‍ക്കും വ്യത്യസ്ത എഞ്ചിനുകള്‍ ഉള്ളത് എന്തുകൊണ്ട്?
dot image

റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കൗതുകമായി തോന്നാം. യാത്രക്കാരുമായി അതിവേഗം ഓടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ആയിരക്കണക്കിന് ടണ്‍ ചരക്കുമായി സഞ്ചരിക്കുന്ന ചരക്ക് ട്രെയിനുകള്‍ക്കും പലപ്പോഴും വ്യത്യസ്ത തരത്തിലുള്ള എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ഒരേ എഞ്ചിന്‍ ഉപയോഗിച്ച് രണ്ട് ട്രെയിനുകളും ഓടിച്ചാല്‍ പോരേ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ വേഗത്തില്‍ ഓടിക്കുക എന്നതും വലിയ ഭാരം വലിക്കുക എന്നതും ഒരേ തരത്തിലുള്ള എഞ്ചിന്‍ പ്രകടനം വേണ്ട കാര്യങ്ങളല്ല.

യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പ്രധാനമായും വേണ്ടത് കൂടുതല്‍ വേഗത കൈവരിക്കാനുള്ള കഴിവാണ്. അതേസമയം, ചരക്ക് ട്രെയിനുകള്‍ക്ക് വേണ്ടത് വലിയ ഭാരം വലിച്ചുനീക്കാനുള്ള ശക്തിയാണ്. ഈ വ്യത്യാസമാണ് എഞ്ചിനുകളുടെ രൂപകല്‍പ്പനയിലും പ്രകടനത്തിലും മാറ്റം വരാനുള്ള പ്രധാന കാരണം.

 passenger trains and freight trains have different engines

വേഗതയോ വലിച്ചുനീക്കാനുള്ള ശക്തിയോ?

ഒരു ട്രെയിന്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മുന്നോട്ട് നീങ്ങുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാരവും വലിച്ചെടുക്കാന്‍ വലിയ ട്രാക്റ്റീവ് ഫോഴ്സ് ആവശ്യമാണ്. പ്രത്യേകിച്ച് നിരവധി വാഗണുകളുള്ള ചരക്ക് ട്രെയിനുകള്‍ക്ക് ഇത് വളരെ പ്രധാനമാണ്. ആയിരക്കണക്കിന് ടണ്‍ ഭാരം വഹിക്കുന്ന ചരക്ക് ട്രെയിനിന് വളരെ വേഗത്തില്‍ സഞ്ചരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആ വലിയ ഭാരം നിശ്ചലാവസ്ഥയില്‍ നിന്ന് ചലിപ്പിക്കാനും കയറ്റങ്ങള്‍ കയറാനും ശക്തമായ വലിച്ചുനീക്കല്‍ ശേഷി വേണം.
പാസഞ്ചര്‍ ട്രെയിനുകളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കുന്നതിനും നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്നതിനുമാണ് കൂടുതല്‍ പ്രാധാന്യം.

 passenger trains and freight trains have different engines

യഥാര്‍ഥ വ്യത്യാസം എവിടെയാണ്?

ഇവിടെ പ്രധാന പങ്ക് വഹിക്കുന്നത് ഗിയര്‍ അനുപാതവും ട്രാക്ഷന്‍ സംവിധാനത്തിന്റെ ക്രമീകരണവുമാണ്. ലളിതമായി പറഞ്ഞാല്‍ എഞ്ചിന്റെ ശക്തി ചക്രങ്ങളിലേക്ക് എങ്ങനെ കൈമാറുന്നു എന്നതിലാണ് വ്യത്യാസം. ചരക്ക് എഞ്ചിനുകളില്‍ കൂടുതല്‍ വലിച്ചുനീക്കല്‍ ശക്തി ലഭിക്കുന്ന രീതിയിലാണ് ഈ ക്രമീകരണം. അതുകൊണ്ട് വേഗത കുറവായിരിക്കുമ്പോഴും വലിയ ഭാരം വലിക്കാന്‍ കഴിയും.

എന്നാല്‍ പാസഞ്ചര്‍ എഞ്ചിനുകളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ക്രമീകരണം. അതിനാല്‍ വലിയ ചരക്ക് ട്രെയിനുകളെ വലിക്കുന്നതിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിന് അവയ്ക്ക് മുന്‍തൂക്കം ലഭിക്കും.

എഞ്ചിന്റെ ഭാരത്തിലും വ്യത്യാസമുണ്ട്

എഞ്ചിന്റെ ഭാരത്തിനും വലിയ പ്രാധാന്യമുണ്ട്. എഞ്ചിന് കൂടുതല്‍ ഭാരം ഉണ്ടായാല്‍ ചക്രങ്ങള്‍ക്കും റെയില്‍പ്പാളങ്ങള്‍ക്കുമിടയിലെ പിടുത്തം അഥവാ adhesion വര്‍ധിക്കാന്‍ സഹായിക്കും. ഇത് ഭാരമുള്ള ചരക്ക് വലിക്കുമ്പോള്‍ ചക്രങ്ങള്‍ വഴുതിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ചരക്ക് ട്രെയിനുകള്‍ക്കുള്ള ചില ലോക്കോമോട്ടീവുകള്‍ക്ക് വലിയ ഭാരം കൈകാര്യം ചെയ്യാനും ശക്തമായ ട്രാക്ഷന്‍ നല്‍കാനും അനുയോജ്യമായ രൂപകല്‍പ്പനയാണ് ഉള്ളത്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഉയര്‍ന്ന വേഗതയും വേഗത്തിലുള്ള ആക്സിലറേഷനും പ്രധാനമായതിനാല്‍ അവയുടെ രൂപകല്‍പ്പന അതിനനുസരിച്ചായിരിക്കും.

 passenger trains and freight trains have different engines

ഒരേ എഞ്ചിന്‍ ഉപയോഗിച്ചാല്‍ എന്താണ് പ്രശ്നം?

ഒരു എഞ്ചിനെ പരമാവധി വേഗതയ്ക്കായി ക്രമീകരിച്ചാല്‍ അതേ ക്രമീകരണത്തില്‍ ആയിരക്കണക്കിന് ടണ്‍ ഭാരം വലിച്ചുനീക്കാനുള്ള ശേഷി പരിമിതപ്പെടാം. അതുപോലെ വലിയ ഭാരങ്ങള്‍ വലിക്കാന്‍ പരമാവധി ട്രാക്റ്റീവ് ഫോഴസിന് മുന്‍തൂക്കം നല്‍കുന്ന എഞ്ചിന് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ അനുയോജ്യമാകണമെന്നില്ല. അതുകൊണ്ടാണ് ട്രെയിനിന്റെ ഉപയോഗം, ഭാരം, ആവശ്യമായ വേഗത, പാതയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് വ്യത്യസ്ത തരത്തിലുള്ള എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്.

Content Highlights :Why do passenger trains and freight trains have different engines? Wouldn't the same engine suffice for all types of trains? Why are there different varieties? Let's find out the reason behind this.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image