

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ്. താന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെന്നും, എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നും ഇന്ത്യക്കായി വെള്ളക്കുപ്പായമണിയുക എന്നത് തന്റെ സ്വപ്നമാണെന്നും റിങ്കു പറഞ്ഞു.
തന്റെ റെഡ്-ബോള്‍ (ടെസ്റ്റ്) മോഹങ്ങളെക്കുറിച്ച് റിങ്കു പറഞ്ഞതിങ്ങനെ: 'ഞാന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്നൊരു ധാരണ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിനങ്ങളിലായാലും നാല് ദിവസത്തെ (ഫസ്റ്റ് ക്ലാസ്) മത്സരങ്ങളിലായാലും എന്റെ ശരാശരി പരിശോധിച്ചാല്‍ അത് മനസ്സിലാകും. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. അതിനാല്‍ എന്നെ ഒരു ഫോര്‍മാറ്റിലെ മാത്രം കളിക്കാരനായി കാണരുത്. മൂന്ന് ഫോര്‍മാറ്റിലും എനിക്ക് കളിക്കാന്‍ സാധിക്കും, ആഭ്യന്തര തലത്തില്‍ ഞാന്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുമുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യക്കായി ഒരു ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ' -അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കായി 48 ടി20 മത്സരങ്ങളില്‍ നിന്ന് 36.94 ശരാശരിയിലും 156.34 സ്‌ട്രൈക്ക് റേറ്റിലും മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 702 റണ്‍സ് നേടിയിട്ടുള്ള റിങ്കു, രണ്ട് ഏകദിനങ്ങളില്‍ നിന്ന് 55 റണ്‍സും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്ന റിങ്കുവിന് മികച്ച ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡാണുള്ളത്. 53 മത്സരങ്ങളിലെ 76 ഇന്നിംഗ്‌സുകളില്‍ നിന്നായി 58.70 ശരാശരിയില്‍ 9 സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളും അടക്കം 3,757 റണ്‍സ് താരം നേടിയിട്ടുണ്ട്. കൂടാതെ 70 ലിസ്റ്റ്-എ മത്സരങ്ങളില്‍ നിന്ന് 52.56 ശരാശരിയില്‍ 2,418 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റ് ആഗ്രഹത്തിനൊപ്പം, സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് കാണാനുള്ള ആഗ്രഹവും റിങ്കു പങ്കുവെച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവര്‍ ചേര്‍ന്നാണ് 2027-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
'വിരാട് ഭായിയും രോഹിത് ഭായിയും ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. ഞാന്‍ മാത്രമല്ല, രാജ്യം മുഴുവന്‍ അവര്‍ രണ്ടുപേരും ലോകകപ്പില്‍ കളിച്ച് ടീമിന് കിരീടം നേടിത്തരണമെന്ന് ആഗ്രഹിക്കുന്നു. അത് രാജ്യത്തിന് വലിയൊരു നിമിഷമായിരിക്കും, കാരണം ചിലപ്പോള്‍ അത് അവരുടെ അവസാന ലോകകപ്പായേക്കാം. അതിനാല്‍ അവര്‍ ഇന്ത്യക്കായി ലോകകപ്പ് ജയിക്കുകയാണെങ്കില്‍ അത് വളരെ വലുതായിരിക്കും. 2011-ന് ശേഷം നമ്മള്‍ ഏകദിന ലോകകപ്പ് നേടിയിട്ടില്ല. അതിനാല്‍ രണ്ടുപേരും ടീമിലുണ്ടാകുമെന്നും ആ ട്രോഫി ഉയര്‍ത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' -റിങ്കു പറഞ്ഞു.
content highlights: Rinku Singh Expresses Desire to Play Test Cricket for India