
കൊച്ചി: കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ റിപ്പോർട്ടറിനോട് പറഞ്ഞു. കൂടുതൽ ജാഗ്രത വേണം. ഒരാഴ്ച മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും ഡോ. ശിവാനന്ദ പൈ പറഞ്ഞു.
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
അതേസമയം, വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 50 കടന്നു. നിരവധി പേർ പലിയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയ്ക്കും ചൂരൽമലക്കും ഇടയിൽ 100 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ട്. എസ്റ്റേറ്റ് ബംഗ്ളാവിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. കൂട്ടത്തിൽ പ്രായമായവർ ഉൾപ്പെടെയുളളവരും ഉള്ളതായാണ് വിവരം. മുണ്ടക്കൈയിൽ ഒമ്പത് ലയങ്ങള് ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്മാരെയും കാണാനില്ല.