

കൊച്ചി: കേന്ദ്ര-കേരള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ രണ്ട് ഇടതു യൂണിയൻ നേതാക്കൾ വ്യാജ രേഖ ചമച്ച് ജോലിയിൽ തുടരുന്നതായുളള പരാതിക്കൊപ്പം സമർപ്പിച്ച രേഖകളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ വ്യാജ രേഖ ചമച്ച് വർക്കർ തസ്തികയിൽ നിരവധി പേർ ജോലിയിൽ കയറി. പത്താംക്ലാസ്സ് പാസാകാത്തവർക്കുള്ള നിയമനത്തിൽ ബിരുദം അടക്കമുള്ള അധിക യോഗ്യതക്കാരായ നിരവധി പേരാണ് പ്രവേശിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഇടതു യൂണിയൻ നേതാക്കളായ റോയ്മോൻ, അജിമോൾ എസ് എന്നിവർ ക്രമക്കേട് നടത്തി ജോലിയിൽ തുടരുന്നതായുളള പരാതി മാനേജ്മെൻ്റ് അന്വേഷിച്ചെങ്കിലും പരാതിയിൽ കഴമ്പില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നു. 22 പേർ വ്യാജരേഖ ചമച്ച് ജോലി നേടിയതായി കണ്ടെത്തി. 2017 ൽ 19 പേരെ കമ്പനിയിൽ നിന്ന് പുറത്താക്കി. പക്ഷേ മൂന്ന് ഇടത് യൂണിയനിൽപ്പെട്ടവരെ പുറത്താക്കിയില്ല. ഇവർക്ക് 2018 ൽ പ്രൊമോഷനും നൽകി. ഈ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് വേറെയും വ്യാജ സർട്ടിഫിക്കറ്റ് പരാതി ഓയിൽ പാമിൽ നിന്ന് ഉയരുന്നത്.
സ്കൂളുകളിൽ നിന്ന് കിട്ടിയ വിവരാവകാശ മറുപടിയിൽ റോയിമോനും അജിമോളും എസ്എസ്എൽസി പാസായിട്ടുണ്ട്. റോയ്മോൻ ആദ്യ തവണ പരീക്ഷ എഴുതിയപ്പോൾ തോറ്റെങ്കിലും അടുത്ത കൊല്ലം ജയിച്ചെന്നാണ് വിവരാവകാശ മറുപടി. അജിമോൾ എസ് എന്ന വിദ്യാർത്ഥിയാണ് അവിടെ പഠിച്ചത്. അജിമോൾ എ എന്ന ആൾ അവിടെ പഠിച്ചിട്ടില്ല. പക്ഷേ അജിമോൾ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ ഇംഗ്ലീഷിൽ എഴുതിയ സ്ഥലത്ത് അജിമോൾ എ എന്നും മലയാളത്തിൽ എഴുതിയ സ്ഥലത്ത് അജിമോൾ എസ് എന്നുമാണ് ഇപ്പോഴും ഫയലിലുള്ളത്. ഈ രണ്ടുപേരും 2018 ൽ പ്രൊമോഷൻ നേടുകയും ചെയ്തു. പ്രമോഷന് അർഹതയുള്ള മറ്റ് തൊഴിലാളികളെ പരിഗണിക്കാതെയായിരുന്നു സ്ഥാനക്കയറ്റം നല്കിയത്. ഇതിനെതിരെ പ്രമോഷന് അർഹതയുണ്ടായിരുന്നവർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എന്നാൽ അന്വേഷണം മൂന്ന് വർഷം നീട്ടിക്കൊണ്ടുപോയി. ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇവർക്കെതിരെ നടപടി എടുക്കാതെ മാപ്പുനൽകി ജോലിയിൽ തുടരാൻ അനുവദിക്കുകയാണ് ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയ്തത്. അജിമോളും റോയ്മോനും പത്താംക്ലാസ്സ് പാസായില്ലെന്ന നിലപാടിലാണ് ഇപ്പോഴും കമ്പനി.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വ്യാജ നിയമനം; യൂണിയൻ നേതാക്കൾ ജോലിയിൽ തുടരുന്നു, പ്രമോഷനുംഓയിൽ പാമിലെ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടെങ്കിലും 14 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി പിന്നണിയിൽ നടക്കുന്ന വിവരം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് രാഷ്ട്രീയ സ്വാധീനത്തിൽ മൂന്ന് പേരെ മാത്രം ഓയിൽ പാം സംരക്ഷിക്കുന്നു എന്ന വിവരവും പുറത്താകുന്നത്.