
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. തോമസ് ഐസകിനും കിഫ്ബിക്കും സമന്സ് നല്കാനാവില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും മതിയായ കാരണങ്ങൾ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില് നിയന്ത്രണ അധികാരിയായ റിസര്വ് ബാങ്കിന് പരാതിയില്ല. അതിനാല് അന്വേഷണം നടത്താന് കഴിയില്ലെന്ന് നിരീക്ഷിച്ചാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള് ഇടക്കാല ഉത്തരവിലൂടെ സിംഗിള് ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ് തടഞ്ഞത്. പരിഗണനാ വിഷയം മാറിയ സാഹചര്യത്തില് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് തിരുത്തി. ഡോ. ടിഎം തോമസ് ഐസകിനും കിഫ്ബിക്കും പുതുക്കിയ സമന്സ് നല്കാമെന്നായിരുന്നു പുതുക്കിയ ഇടക്കാല ഉത്തരവ്. ഇതിനെതിരെ നല്കിയ അപ്പീലിലാണ് സിംഗിള് ബെഞ്ചിന്റെ പുതുക്കിയ ഇടക്കാല ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെയാണ് ആദ്യ ഇടക്കാല ഉത്തരവ് തിരുത്തിയത്. കാരണങ്ങളില്ലാതെ നല്കിയ സിംഗിള് ബെഞ്ചിന്റെ പുതിയ ഇടക്കാല ഉത്തരവ് നിലനില്ക്കില്ലെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. ആദ്യ ഇടക്കാല ഉത്തരവ് തിരുത്തേണ്ട കാര്യമില്ലെന്നായിരുന്നു കിഫ്ബി വാദം.
റിസര്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയത്. അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യം സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല് കെ ഗോപാലകൃഷ്ണ കുറുപ്പിന്റെ വാദം. പുതുക്കിയ സമന്സ് നല്കിയിട്ടില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് എആര്എല് സുന്ദരേശന് ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഡോ. ടിഎം തോമസ് ഐസകിന്റെ അപ്പീലില് വിധി പറഞ്ഞത്. ഇഡി സമന്സ് ചോദ്യം ചെയ്തുള്ള ഹര്ജി നാളെ വീണ്ടും സിംഗിള് ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും.
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചത്. തോമസ് ഐസക്കിന് സമൻസ് അയയ്ക്കരുതെന്ന മുൻ ഉത്തരവ് പരിഷ്കരിച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.
വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് നൽകിയ സമൻസ് പിൻവലിക്കാം എന്നും പുതിയ സമൻസ് നൽകാം എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സമൻസ് നൽകുന്നത് തടഞ്ഞ മുൻ ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചത്.
നേരത്തെ കിഫ്ബി മസാലബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇഡി അയച്ച തുടർസമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തുടർ സമൻസിൽ ഇഡി വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജിയിലായിരുന്നു സമൻസ് അയക്കുന്നത് കോടതി മരവിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ കോടയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജിയിൽ ഹർജിയിലായിരുന്നു ആർബിഐ സത്യവാങ്മൂലം സമർപ്പിച്ചത്.