കലാഭവൻ ഹനീഫിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സാംസ്കാരിക കേരളം

സിനിമാ മേഖലയിലെയും സാമൂഹിക-രാഷ്ട്രീയ മേഖലയിലെയും നിരവധി പേരാണ് പ്രിയ കലാകാരന് സമൂഹ മാധ്യമങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നത്

dot image

പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സാംസ്കാരിക കേരളം. സിനിമാ മേഖലയിലെയും സാമൂഹിക-രാഷ്ട്രീയ മേഖലയിലെയും നിരവധി പേരാണ് പ്രിയ കലാകാരന് സമൂഹ മാധ്യമങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, മേജർ രവി, ടിനി ടോം, മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, കെ രാജൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

'ഒരു നല്ല കലാകാരൻ കൂടി നമ്മോട് വിട പറഞ്ഞു. മിമിക്രി താരമായി സിനിമയിൽ വന്ന് മലയാളികളെ ചിരിപ്പിച്ചിരുന്ന അതുല്യ കലാകാരൻ കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു,' എന്നാണ് മന്ത്രി കെ രാജൻ കുറിച്ചത്.

'മിമിക്രി താരവും ചലച്ചിത്ര നടനുമായ കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ . നിരവധി ചെറു വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടനാണ് ഹനീഫ്. ഈ പറക്കും തളിക എന്ന സിനിമയിലെ മേക്കപ്പിടുന്ന മണവാളന്റെ വേഷം വളരെ ശ്രദ്ധേയമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനങ്ങൾ,' കെ രാധാകൃഷ്ണൻ കുറിച്ചു. 'എന്റെ ഇക്ക,' എന്ന് മാത്രമാണ് ടിനി ടോം കുറിച്ചത്.

'എൻറെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ ഈ യാത്ര വേണ്ടായിരുന്നു എൻറെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും.. പ്രണാമം,' മേജർ രവി കുറിച്ചു.

ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 150ൽ അധികം സിനിമകളിൽ ഹനീഫ് അഭിനയിച്ചിട്ടുണ്ട്. 1990ൽ 'ചെപ്പു കിലുക്കണ ചങ്ങാതി'യാണ് ആദ്യ സിനിമ. 'ഈ പറക്കുംതളിക', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'തുറുപ്പു ഗുലാൻ', 'പാണ്ടിപ്പട', 'ദൃശ്യം' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

dot image
To advertise here,contact us
dot image