വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും: മകളുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി

രണ്ടുദിവസത്തിനകം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വൈഭവിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും

dot image

കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കാനും തീരുമാനമായി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവ് നിധീഷ് കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നതില്‍ ഉറച്ചുനിന്നു. ഇതോടെയാണ് വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെട്ടത്.

ഇന്ന് ഉച്ചയോടെ വിപഞ്ചികയുടെ മാതാവും സഹോദരനും ഭര്‍ത്താവ് നിധീഷും ബന്ധുക്കളുമായി കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു നിധീഷും കുടുംബവും. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം. രണ്ടുദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വൈഭവിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.

ജൂലൈ എട്ടിനാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പിൽ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും  ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു.

വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിലവില്‍ ഷാര്‍ജയിലാണ് നിധീഷും കുടുംബവും. ഇന്നലെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതിനായി നിധീഷും കുടുംബവും ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സംസ്‌കാരം തടയണമെന്നുമാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ശൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. ഇതോടെ സംസ്‌കാരം മാറ്റി. ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ കുടുംബവും നിധീഷുമായി ചർച്ച നടത്തിയത്.

Content Highlights: Vipanchika's body will be brought to india: daughter's body to be cremated in Dubai

dot image
To advertise here,contact us
dot image