
തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വൈദ്യുതി റഗുലേറ്ററി കമ്മീഷന് കത്ത് നൽകി. കരാറുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി നിയമത്തിന്റെ 108ാം വകുപ്പ് പ്രകാരം ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് നൽകിയത്.
കരാറിലെ അഴിമതി ആരോപണത്തിൽ നടക്കുന്ന ഒരു അന്വേഷണത്തിനും മുൻവിധികളില്ലാത്ത വിധം റഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാണിച്ച നടപടിക്രമങ്ങളിലെ അപാകതകൾ അംഗീകരിക്കാതെ കരാർ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കത്ത്. പൊതു താത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിക്കുന്നതെന്നും കത്തിൽ പറയുന്നു. കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി 465 മെഗാവാട്ടിന്റെ വൈദ്യുതി കരാറിൽ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മെയ്യിലാണ് കരാറുകൾ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
അതേസമയം വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്.
ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില് വിഷമിപ്പിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. മഴ പെയ്താല് രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.