എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്, ഉമ്മന്ചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതിത്തന്നത്: പി സി ജോര്ജ്

അധികാരത്തില് വന്നപ്പോള് പിണറായി വിജയന് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം സി ബി ഐക്ക് വിട്ടതെന്നും പി സി ജോർജ് പറഞ്ഞു.

dot image

കോട്ടയം: സോളാര് ബലാത്സംഗക്കേസില് ഉമ്മന്ചാണ്ടിക്കെതിരെ നല്കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്കിയതാണെന്ന് പി സി ജോര്ജിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഉമ്മന്ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നെന്നും പി സി ജോര്ജ് വെളിപ്പെടുത്തി.

ഉമ്മന്ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള് ആദ്യം സംശയം തോന്നിയിരുന്നു. പക്ഷേ, അവര് സാഹചര്യം വിശദീകരിച്ചപ്പോൾ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഉമ്മന്ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് മൊഴി നല്കിയത്. അധികാരത്തില് വന്നപ്പോള് പിണറായി വിജയന് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം സി ബി ഐക്ക് വിട്ടതെന്നും പി സി ജോർജ് പറഞ്ഞു.

'സിബിഐ അന്വേഷണം ആയതോടെ ആ സ്ത്രീ ഇവിടെ വന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മന്ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്, സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെ സഹായിക്കാനാണെന്ന് ചോദിച്ചപ്പോള്, ഇതുപോലെ പറഞ്ഞാല് മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. അവര് ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് എനിക്ക് അവരോട് സഹതാപം തോന്നിയത്. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സിബിഐ ഉദ്യോഗസ്ഥര് വന്നു, പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാന് പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീര്ത്തതാണ് എന്ന് പറഞ്ഞ്, അവര് എഴുതിത്തന്ന കടലാസ് എടുത്ത് സിബിഐ ഉദ്യോഗസ്ഥര്ക്ക് കൊടുത്തു. അതുവായിച്ചപ്പോള് ഞാന് പറഞ്ഞത് സത്യമാണെന്ന് അവര്ക്ക് മനസിലായി പി സി ജോര്ജ് വെളിപ്പെടുത്തി.

കേസിൽ ഗൂഢാലോചന നടന്നതായി, മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ സോളാര് ലൈംഗിക പീഡന കേസില് കുറ്റവിമുക്തനാക്കിയ റിപ്പോര്ട്ടില് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരി ജയിലില് കിടന്നപ്പോള് ആദ്യം എഴുതിയ കത്തില് ഉമ്മന് ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്ത്തതാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കെ ബി ഗണേഷ്കുമാര് എംഎല്എ, ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള് നന്ദകുമാർ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്ട്ടില് പരാമര്ശമുണ്ട്. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന് അവസരം ഒരുക്കിയത് വിവാദ ദല്ലാൾ നന്ദകുമാറാണെന്ന മൊഴി സിബിഐ ശേഖരിച്ചിരുന്നു. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്കിയിട്ടുണ്ട്. പരാതിക്കാരി ജയിലില് കിടക്കുമ്പോള് ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us