

റാസലല്‍ഖൈമയിലെ 'പ്രേതാലയം' എന്നറിയപ്പെടുന്ന അല്‍ ഖാസിമി പാലസ് വില്‍പ്പനയ്ക്ക്. ഫര്‍ണിച്ചറുകള്‍ ഇല്ലാതെ 22.5 മില്യണ്‍ ദിര്‍ഹവും ഫര്‍ണിച്ചറുകളോട് കൂടിയാണെങ്കില്‍ 23.5 മില്യണ്‍ ദിര്‍ഹവുമാണ് വില. പ്രേതാലയം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അത് വില്‍പ്പനയെ ബാധിക്കുന്നില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്.
35 കിടപ്പുമുറികളാണ് പാലസിലുള്ളത്. ബിഷപ്പ് ആന്‍ഡ് നൈറ്റ് റിയല്‍ എസ്റ്റേറ്റ് ടീമാണ് പാലസിനെ പ്രതിനിധീകരിക്കുന്നത്. താല്‍പര്യമുള്ള നിക്ഷേപകരുമായി സംസാരിക്കുന്നുണ്ടെന്നും ഓരോരുത്തര്‍ക്കും ഓരോ താല്‍പര്യങ്ങളാണെന്നും ബിഷപ്പ് ആന്‍ഡ് നൈറ്റിന്റെ മാനേജിങ് പാര്‍ട്ണര്‍ ജോഷ് ഹെന്റി പറഞ്ഞു. ഇന്ത്യയില്‍ നിന്നും യുകെയില്‍ നിന്നുമടക്കം നിക്ഷേപകര്‍ സമീപിക്കുന്നുണ്ടെന്ന് മെഹര്‍ പ്രോപ്പര്‍ട്ടീസിലെ ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റ് ഉപദേശകന്‍ അബൂബക്കര്‍ സിദ്ദീഖ് പറയുന്നു. സിദ്ദീഖ് ബിഷപ് ആന്‍ഡ് നൈറ്റുമായി കൈകോര്‍ത്തിരിക്കുകയാണ്.
വര്‍ഷങ്ങളായി റാസല്‍ഖൈമയിലെ ആളുകളെ സംബന്ധിച്ച് ഏറെ കൗതുകമുള്ള പാലസാണ് അല്‍ ഖ്വാസിമി പാലസ്. റാസല്‍ഖൈമയിലെ രാജകുടുംബാംഗമായ അന്തരിച്ച ഷെയ്ഖ് അബ്ദുല്‍അസീസ് ബിന്‍ ഹുമൈദ് അല്‍ ക്വാസിമി 1985ലാണ് ഈ പാലസ് നിര്‍മിക്കുന്നത്. ഒരു കുന്നിന്‍ മുകളില്‍ പണിത ഈ പാലസ് അതിമനോഹരമായാണ് നിര്‍മിച്ചത്. പാലസിന്റെ നിര്‍മാണത്തിനായി 500 മില്യണ്‍ ദിര്‍ഹത്തിലധികം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, ഇറാന്‍, മൊറോക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദര്‍ മൊസൈക്കുകള്‍, പെയിന്റ് ചെയ്ത ടൈലുകള്‍, ഫ്രെസ്‌കോകള്‍ തുടങ്ങിയവ ഈ പാലസിനായി സംഭാവന ചെയ്തിട്ടുണ്ട്.
പാലസ് നിര്‍മിച്ചെങ്കിലും ഷെയ്ഖ് അബ്ദുല്‍ അസീസ് അവിടെ താമസിച്ചിരുന്നില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള ശില്‍പങ്ങള്‍ ഉള്ളത് കൊണ്ടുള്ള കുടുംബത്തിന്റെ എതിര്‍പ്പാണ് ഒരു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 35 വര്‍ഷത്തോളം ഈ കെട്ടിടം ആരും താമസിക്കാത്തത് കൊണ്ടുതന്നെ ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പരക്കാന്‍ തുടങ്ങി. 2019ല്‍ താരിഖ് അഹമ്മദ് അല്‍ ഷര്‍ഹാന്‍ എന്ന ആര്‍കിടെക്ടര്‍ പാലസിനെ മ്യൂസിയമാക്കുകയും അല്‍ ഖസര്‍ അല്‍ ഘമേധ് എന്ന പേര് നല്‍കുകയും ചെയ്തു. ഒരാള്‍ക്ക് 75 ദിര്‍ഹം എന്ന നിരക്കില്‍ സന്ദര്‍ശകര്‍ക്ക് ഫീസും വെച്ചിരുന്നു.
Content Highlights: The Al Qasimi Palace in Ras Al Khaimah, popularly known as the “Haunted Palace,” is reportedly up for sale. The abandoned mansion has long attracted public curiosity because of its eerie appearance and stories surrounding its history.