

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. ജനാധിപത്യം അട്ടിമറിക്കുന്നു എന്ന ആരോപിച്ച് കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിജെപി പ്രവര്‍ത്തകരായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ് എന്നിവര്‍ ആവശ്യം ഉന്നയിച്ചത്. ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ ക്രിമിനലാണെന്നും 13 കോടി പേരുടെ വോട്ടുകള്‍ എസ്‌ഐആറിലൂടെ വെട്ടിമാറ്റിയെന്നും സിജെപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
രാജ്യത്തിന്റെ മനോഭാവം മാറുന്നതായി മനസിലാക്കിയ ബിജെപി അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും സിജെപി ആരോപിച്ചു. പിണറായി വിജയന്‍, എം കെ സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരെ എസ്‌ഐആറിലൂടെയാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും സിജെപി അഭിപ്രായപ്പെട്ടു.
ഗ്യാനേഷ് കുമാറിനെതിരെ സിജെപി രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഗ്യാനേഷ് കുമാറിനെതിരെയുള്ളവരെല്ലാം ഒന്നിച്ച് നിന്നാല്‍ എന്താകുമെന്ന് ആലോചിച്ച് നോക്കൂവെന്ന ദീപ്‌കെയുടെ എക്‌സ് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.
സിജെപിക്ക് പിന്നാലെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഗ്യാനേഷ് കുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 26 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിനാണ് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഗുരുതര സാഹചര്യമാണ് ഉള്ളതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. അതേസമയം ആദ്യഘട്ടമെന്ന നിലയില്‍ നാളെ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. രണ്ടാംഘട്ട പ്രതിഷേധം തിങ്കളാഴ്ചയാണ് സംഘടിപ്പിക്കുക. ഓരോ ജില്ലയിലും ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്താനാണ് തീരുമാനം.
Content Highlights: CJP has demanded the resignation of Chief Election Commissioner Gyanesh Kumar amid reported disagreements within the Election Commission