'പ്രകോപനപരമായ നിലപാടിനെ അംഗീകരിക്കില്ല'; മോർച്ചറി പ്രസംഗത്തിൽ പി ജയരാജനെ തള്ളി എം വി ഗോവിന്ദൻ

പ്രകോപനമുണ്ടാക്കി മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധന വേണമെന്നും എം വി ഗോവിന്ദൻ

dot image

തിരുവനന്തപുരം: പ്രകോപനപരമായ നിലപാടിനെ പാർട്ടി അംഗീകരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി ജയരാജന്റെ മോർച്ചറി പ്രയോഗത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സമാധാനപരമായ അന്തരീക്ഷമാണ് സിപിഐഎം ആഗ്രഹിക്കുന്നത്. ആരെങ്കിലും ഇങ്ങോട്ട് കടന്നാക്രമിച്ചാലും അതേ ഭാഷയിൽ മറുപടി നൽകേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്. പ്രകോപനമുണ്ടാക്കി മന:പ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പി ജയരാജനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. പി ജയരാജന്റേത് പ്രാസഭംഗി ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നെന്നായിരുന്നു ഇ പി ജയരാജൻ്റെ നിലപാട്.

സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ ഭാഗമായി ബിജെപിയും പി ജയരാജനും തമ്മിൽ വാക്ക്പോര് ഉണ്ടാകുകയും കൊലവെറി പ്രസംഗങ്ങളിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. ഗണപതി മിത്താണെന്നാണ്, ജൂലൈ 21ന് കുന്നത്തുനാട് ജി എച്ച് എസ് എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ എ എൻ ഷംസീർ പ്രസംഗിച്ചത്. ഇതിന് പിന്നാലെ ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ചിനിടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷാണ് ആദ്യം കൊലവിളി പ്രസംഗവുമായെത്തിയത്. പോപ്പുലർ ഫ്രണ്ട് ജോസഫ് മാഷിനോട് ചെയ്തതുപോലൊരു സാഹചര്യം ഷംസീറീന് ഉണ്ടാകില്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാകാം ഹിന്ദുക്കൾക്കെതിരായ പരാമർശമെന്നായിരുന്നു ഗണേഷിന്റെ പ്രസംഗം.

ഇതിന് മറുപടിയുമായി പി ജയരാജൻ രംഗത്തെത്തുകയായിരുന്നു. ഷംസീറിനെ തൊടുന്ന യുവമോർച്ചയുടെ സ്ഥാനം മോർച്ചറിയിലെന്ന പി ജയരാന്റെ പ്രസ്താവന പിന്നീട് കൂടുതൽ മറുപടി പ്രസ്താവനകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. ബിജെപി, ആർഎസ്എസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇന്ന് രാവിലെ വിശദീകരണവുമായി പി ജയരാജൻ വീണ്ടുമെത്തി. പോപ്പുലർ ഫ്രണ്ടിനെപ്പോലെ തീവ്രവാദികളായി മാറുന്ന യുവമോർച്ച പ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനിടയിലാണ് പി ജയരാജന്റെ മയപ്പെടുത്തൽ.

dot image
To advertise here,contact us
dot image