'ജീവിക്കുന്നു ഞങ്ങളിലൂടെ'; ഉമ്മൻ ചാണ്ടിയെ കാത്ത് പതിനായിരങ്ങൾ, വിലാപയാത്ര വൈകിയത് 12 മണിക്കൂർ

വഴികളിൽ ആളുകളൊഴിയാതെ വന്നതോടെ 12 മണിക്കൂറാണ് വിലാപയാത്ര വൈകിയത്

'ജീവിക്കുന്നു ഞങ്ങളിലൂടെ'; ഉമ്മൻ ചാണ്ടിയെ കാത്ത് പതിനായിരങ്ങൾ, വിലാപയാത്ര വൈകിയത് 12 മണിക്കൂർ
dot image

കോട്ടയം: ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിന് യാത്രാമൊഴിയേകാൻ പതിനായിരണക്കണക്കിന് പേരാണ് തിരുവനന്തപുരം മുതൽ കോട്ടയം വരെ വഴികൾക്കിരുവശവുമായി കാത്തു നിന്നത്. 'ഉമ്മൻ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ...' എന്ന ജനങ്ങളുയർത്തുന്ന മുദ്രാവാക്യം അന്വർത്ഥമാക്കുന്നതായിരുന്നു ഓരോ മനുഷ്യരുടെയും കണ്ണീര്. വഴികളിൽ ആളുകളൊഴിയാതെ വന്നതോടെ 12 മണിക്കൂറാണ് വിലാപയാത്ര വൈകിയത്. ബുധനാഴ്ച രാവിലെ 7.30ഓടെ പുറപ്പെട്ട വിലാപയാത്ര കോട്ടയം ചങ്ങനാശേരിയിലെത്തിയത് വ്യാഴാഴ്ച പുലർച്ചെ ആറ് മണിക്കാണ്. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുനക്കരയെത്തുമെന്ന് കരുതിയിരുന്ന വിലാപയാത്രയാണ് ഇത്രയും വൈകിയത്.

പൊതുദർശനം നിയന്ത്രിക്കാൻ 1600 ഓളം പൊലീസുകാരെയാണ് തിരുനക്കര മൈതാനിയിൽ വിന്യസിച്ചിരിക്കുന്നത്. ചങ്ങനാശേരി ടൗണിലും ജനനായകനെ കാണാൻ വലിയ ജനത്തിരക്കാണ്. പോലീസ് വടം കെട്ടി ആളുകളെ നിയന്ത്രിക്കുന്നുണ്ട്. മഴയെ അവഗണിച്ചാണ് ജനകൂട്ടം ഉമ്മൻ ചാണ്ടിയെ കാണാൻ കാത്തുനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ എസ് ബി കോളേജിന് മുന്നിൽ വിലാപയാത്രയെത്തി, വിദ്യാർഥികളും കോളേജ് അധികൃതരും ആദരമർപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തിയിരുന്ന എസ് ബി കോളേജിൽ നിന്നാണ് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ അതികായൻ്റെ പിറവി.

ജനനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനാഗ്രഹിച്ചെത്തുന്നവർക്കെല്ലാം അവസരം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് തിരുനക്കരയിൽ ആളുകൾ മണിക്കൂറുകളോളം കാത്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ കാത്തിരിക്കുന്നവരും ഈ ജനക്കൂട്ടത്തിലുണ്ട്. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും കോൺഗ്രസ് നേതാക്കളും തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നുണ്ട്. മുഴുവൻ പേരും കണ്ടതിന് ശേഷം മാത്രമായിരിക്കും ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. ആളും ആരവവുമായി ജീവിച്ച ജനനായകന്റെ അവസാന യാത്ര കണ്ണുനിറയാതെ കാണാനാകുന്നില്ല കേരളത്തിന്...

dot image
To advertise here,contact us
dot image