ഇസ്രയേലിൽ പ്രധാനമന്ത്രി പദം പങ്കിടാമെന്ന് നെതന്യാഹുവിൻ്റെ വാഗ്ദാനം; ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്

ഡെമോക്രാറ്റിക് പാർട്ടി നേതാവ് യെയർ ലാപിഡും, യെയർ ഗോലാനും നെതന്യാഹുവിൻ്റെ വാഗ്ദാനം ഒരു തന്ത്രമായി തള്ളിക്കളഞ്ഞു

ഇസ്രയേലിൽ പ്രധാനമന്ത്രി പദം പങ്കിടാമെന്ന് നെതന്യാഹുവിൻ്റെ വാഗ്ദാനം; ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്
Benjamin Netanyahu and Gadi Eisenkot
dot image

ടെൽ അവീവ്: ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ നിർണായക നീക്കവുമായി കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി പദം ടേം വ്യവസ്ഥയിൽ പങ്കിടാമെന്നാണ് നെതന്യാഹുവിൻ്റെ പുതിയ വാഗ്ദാനം. ആദ്യ ടേമിൽ ഗാദി ഐസൻകോട്ടിന് പ്രധാനമന്ത്രി സ്ഥാനം നൽകും. രണ്ടാമത്തെ ടേമിൽ നെതന്യാഹു പ്രധാനമന്ത്രിയാകും. നിർദ്ദേശത്തെ തുടർന്ന് നെതന്യാഹുവിനെ ഐസൻകോട്ട് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ലികുഡ് പാർട്ടി ഗൗരവമായാണ് ഐക്യസർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ധാരണയിലെത്തണമെന്നാണ് ഇതിനെകുറിച്ചുള്ള ഐസൻകോട്ടിൻ്റെ പ്രസ്താവന. സഖ്യ ചർച്ചകൾക്കായി ഞായറാഴ്ച ഐസെൻകോട്ടിനെ കാണുമെന്ന് നെതന്യാഹുവിൻ്റെ പാർട്ടി അറിയിച്ചു. സഖ്യ സർക്കാർ ധാരണയിലെത്തുകയാണെങ്കിൽ ഐസെൻകോട്ടിന് ആദ്യം പ്രധാനമന്ത്രി പദം നൽകാൻ തയ്യാറാണെന്ന് നെതന്യാഹു എക്‌സിൽ പറഞ്ഞു.

Israeli Prime Minister Benjamin Netanyahu, Former military chief Gadi Eisenkot, and other Israeli officials gather for a family photo on the day of the inauguration of Israel's 26th parliament, at the Knesset in Jerusalem
ഇസ്രയേലിൻ്റെ 26-ാമത് പാർലമെൻ്റിൻ്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, മുൻ സൈനിക മേധാവി ഗാഡി ഐസെൻകോട്ടും

അതേസമയം നെതന്യാഹുവുമായി സഖ്യം രൂപീകരിക്കുന്നതിൽ ഐസൻകോട്ട് സഖ്യത്തിൽ ഭിന്നാഭിപ്രായമാണ്. നെതന്യാഹുവിൻ്റെ വാഗ്ദാനം സ്വീകരിക്കരുതെന്ന് ഡെമോക്രാറ്റുകളുടെ വാദം. നെതന്യാഹുവുമായുള്ള ഐക്യത്തിൽ ഏറ്റവും താൽപ്പര്യമുള്ള യാചാദ് പാർട്ടി നേതാവ് നഫ്താലി ബെന്നറ്റ് ജാഗ്രതയോടെയുള്ള ചർച്ചകൾക്ക് ആഹ്വാനം ചെയ്തു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് യെയർ ലാപിഡും, യെയർ ഗോലാനും നെതന്യാഹുവിൻ്റെ വാഗ്ദാനം ഒരു തന്ത്രമായി തള്ളിക്കളഞ്ഞു.

14 ദിവസത്തെ കാലാവധി നീട്ടലിന് ശ്രമിക്കാതെ, ഡിസംബർ 6 ന് ഔദ്യോഗിക സമയപരിധിക്കുള്ളിൽ ഇസ്രായേലിൻ്റെ അടുത്ത സർക്കാർ രൂപീകരണം പ്രഖ്യാപിക്കുമെന്ന് ഐസെൻകോട്ട് വെള്ളിയാഴ്ച പറഞ്ഞിരുന്നു. പുതിയ തെരഞ്ഞെടുപ്പു നടത്തുന്നതിനായി സഖ്യ ചർച്ചകൾ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം നെതന്യാഹുവിനെ കുറ്റപ്പെടുത്തിയിരുന്നു. തുടർന്നാണ് നെതന്യാഹു പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

120 അംഗ നെസറ്റില്‍ ഐസന്‍കോട്ടിന്റെ ബ്ലോക്കിന് നിലവില്‍ 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിനെ എതിര്‍ക്കുന്ന അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമുണ്ട്. നെതന്യാഹുവിന്റെ കാവല്‍ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്.

Content Highlights: Benjamin Netanyahu offers Gadi Eisenkot the first term as prime minister in a proposed power-sharing deal to form Israel's next government.

dot image
To advertise here,contact us
dot image