

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്. 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതെന്നും അതിന് മൂന്ന് വര്‍ഷം മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് വന്നെന്നുമാണ് പരാതിയിലെ ആരോപണം.
പരാതിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് ജോഷി നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 1980ലെയും 1983ലെയും വോട്ടര്‍ പട്ടികകളില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ന്യൂഡല്‍ഹി ജില്ലാ മജിസ്ട്രേറ്റിന് നോട്ടീസ് നല്‍കിയിരുന്നു. മറുപടിയില്‍ രണ്ട് വര്‍ഷങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.
എന്നാല്‍ പേര് ചേര്‍ക്കുന്നതിനായി സമര്‍പ്പിച്ച ഫോം 6 ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ച തീയതി അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തോടും പൊലീസ് വിവരങ്ങള്‍ തേടി. ആന്റോണിയ മൈനോ എന്ന പേരുള്ള സോണിയ ഗാന്ധിക്ക് 1983 ഏപ്രില്‍ 30നാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ പരാതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ കണ്ടെത്താനാകൂവെന്നും പൊലീസ് അറിയിച്ചു. കേസ് ഡിസംബര്‍ 14ന് കോടതി വീണ്ടും പരിഗണിക്കും.
Content Highlights: Delhi Police has submitted two reports to court over allegations that Sonia Gandhi's name appeared on the electoral roll in 1980, three years before she acquired Indian citizenship in 1983