

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. 90ലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അന്ദര്‍ സെര്‍ മേഖലയിലെ സ്‌കൂളില്‍ സ്‌ഫോടനമുണ്ടായത്.
ഖനന കമ്പനികളുടെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സമീപത്തെ ഡിപ്പോയില്‍ നിന്നുള്ള അനാസ്ഥയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രവിശ്യാ സാംസ്‌കാരിക-വിവര വകുപ്പ് ഡയറക്ടര്‍ സാമി ഉല്‍ ഹഖ് ബയാന്‍ അറിയിച്ചു. പരിക്കേറ്റവരില്‍ 15 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു. കുനാര്‍ പ്രവിശ്യാ പൊലീസ് ആസ്ഥാന വക്താവ് ഫരീദ് ദെഖാനും സ്‌ഫോടനവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സ്‌കൂള്‍ സമുച്ചയത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. ഒന്‍പത് മുതല്‍ 14 വയസ് വരെ പ്രായമുള്ള 40ലധികം കുട്ടികള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.
Content Highlights: Seven people lost life and over 90 injured in a school in Afghanistan’s Kunar province