ഗാന്ധി കുടുംബത്തിന് എതിരായ അധിക്ഷേപ പരാമർശം; കങ്കണ റണാവത്തിനെതിരെ കേസ്

ബിഎന്‍എസ് 196, 353, 356 വകുപ്പുകളാണ് കങ്കണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്

ഗാന്ധി കുടുംബത്തിന് എതിരായ അധിക്ഷേപ പരാമർശം; കങ്കണ റണാവത്തിനെതിരെ കേസ്
dot image

ഷിംല: ഗാന്ധി കുടുംബത്തിന് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശില്‍ കേസ്. ഷിംല സ്വദേശിയായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മയുടെ പരാതിയിന്മേലാണ് കേസ്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും വിഷയത്തില്‍ തുടര്‍ അന്വേഷണം നടക്കുമെന്നും ഷിംല സൂപ്രണ്ട് ഓഫ് പൊലീസ് ഗൗരവ് സിങ് വ്യക്തമാക്കി.

ബിഎന്‍എസ് 196, 353, 356 വകുപ്പുകളാണ് കങ്കണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സോണിയ ഗാന്ധി, മനേക ഗാന്ധി എന്നിവരുള്‍പ്പെടുന്ന ഗാന്ധി കുടുംബത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് കേസിന് ആധാരം. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു. 'ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല, അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തി' തുടങ്ങിയ ആരോപണങ്ങളും കങ്കണ ഉന്നയിച്ചിരുന്നു. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു കങ്കണയുടെ പോസ്റ്റ്.

Kankana Ranaut
കങ്കണ റണാവത്

1981നോടടുത്ത് ചിത്രീകരിച്ച ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലായിരുന്നു കങ്കണയുടെ പരാമര്‍ശങ്ങള്‍. ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി, ഒപ്പം ചെറുപ്രായത്തിലുള്ള രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒരു കുടുംബ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. അമേഠി ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി മുന്നിലാണെന്നറിയിച്ചുകൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ അവിടെയുണ്ടായിരുന്നവരുടെ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും, അത് ഇന്ദിര ഗാന്ധിയില്‍ പ്രകടമായ പ്രതികരണമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ മനേക ഗാന്ധിയുടെ പ്രതികരണങ്ങളെ വ്യാഖ്യാനിച്ചാണ് കങ്കണ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

സഞ്ജയ് ഗാന്ധിയുടെ വിധവയായ അവര്‍, കുടുംബത്തിന്റെ ആഘോഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നതെന്നാണ് കങ്കണയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വാര്‍ത്തയോട് ഇന്ദിര ഗാന്ധിയുടെ പ്രതികരണവും, മേശയ്ക്കരികില്‍ മനേക ഇരിക്കുന്ന രീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു വിമാനാപകടത്തിലാണ് സഞ്ജയ് മരിച്ചത് എന്ന കാര്യവും ഇതില്‍ പരാമര്‍ശിച്ചിരുന്നു. വീഡിയോയില്‍ കാണുന്ന ആ നിമിഷത്തില്‍, ആരും തന്നെ മനേകയുടെ നേര്‍ക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും കങ്കണ നിരീക്ഷിക്കുന്നുണ്ട്. മനേക അനുഭവിക്കുന്നതായി തോന്നുന്ന ഒറ്റപ്പെടല്‍ ഹൃദയഭേദകമാണെന്നും അവര്‍ പ്രതികരിച്ചു. മനേക ഇന്ദിരയില്‍ നിന്ന് ആശ്വാസം നല്‍കുന്ന എന്തെങ്കിലും ഒരു പ്രതികരണം പ്രതീക്ഷിച്ചുകൊണ്ട് അങ്ങോട്ട് നോക്കിയെങ്കിലും, അവിടെ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല എന്നാണ് ബിജെപി എംപിയുടെ 'കണ്ടെത്തല്‍'.

Also Read:

'ദൃശ്യത്തിന്റെ അവസാനത്തില്‍ എല്ലാവരും അവിടെനിന്ന് പോകുമ്പോഴും, മനേക മാത്രം അവിടെത്തന്നെ നില്‍ക്കുന്നു. ആശ്വാസം തേടുന്ന, മുറിവേറ്റ ഒരു കൊച്ചു കുട്ടിയെപ്പോലെ അവര്‍ ഇന്ദിരാ ഗാന്ധിയെ നോക്കുന്നു, ഒരുപക്ഷേ, ഒരു ചെറിയ പുഞ്ചിരിയോ അല്ലെങ്കില്‍ തന്നിലേക്ക് നീളുന്ന ഒരു നോട്ടമോ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം,' എന്ന് റണാവത് കുറിച്ചു. സോണിയ ഗാന്ധി എങ്ങനെയാണ് ഗാന്ധി കുടുംബവുമായി ഇത്രയധികം അടുത്തുചേര്‍ന്നത് എന്നും അവര്‍ ചോദിച്ചു. സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണത്തെയാണ് സോണിയയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കങ്കണ ഉപയോഗിക്കുന്നത്. ഈ സംഭവങ്ങളാണ് കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിക്ക് പിന്നീട് പ്രാധാന്യം ലഭിക്കുന്നതിന് വഴിയൊരുക്കിയതെന്ന് അവര്‍ സൂചിപ്പിച്ചു.

സോണിയ ഗാന്ധി

1980 ജൂണില്‍ ഒരു വിമാനാപകടത്തിലാണ് സഞ്ജയ് ഗാന്ധി മരിച്ചത്. തുടര്‍ന്ന് രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും, 1981ല്‍ അമേഠിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 1982ല്‍ മനേക ഗാന്ധി കുടുംബവീട് വിട്ടുപോയി.

1984 ഒക്ടോബറിലാണ് തന്റെ അംഗരക്ഷകരാല്‍ ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നത്. 1991 മെയ് മാസത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടു. സോണിയ ഗാന്ധിയെ ഒരു 'നിഗൂഢയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ച റണൗട്ട്, ഗാന്ധി കുടുംബത്തിലെ മറ്റ് പ്രമുഖ അംഗങ്ങളുടെ മരണശേഷം അവര്‍ എങ്ങനെയാണ് ആ കുടുംബത്തിലെ കേന്ദ്ര വ്യക്തിത്വമായി മാറിയതെന്ന് ചോദിച്ചു.

Also Read:

ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് അതുല്‍ ശര്‍മ പരാതി നല്‍കിയത്. ഈ കണക്കുകൂട്ടിയുള്ള ആഖ്യാനം രാഷ്ട്രീയ വിയോജിപ്പിന്റെ പരിധി കടന്ന്, പൊതുജനങ്ങളില്‍ ശത്രുത വളര്‍ത്താനും പൊതുസമാധാനം തകര്‍ക്കാനും ശേഷിയുള്ള അപകടകരമായ തലത്തിലേക്ക് എത്തിയെന്ന് ശര്‍മ ആരോപിച്ചു. ഭീതിയോ ആശങ്കയോ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ഈ പോസ്റ്റുകള്‍ പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

Content Highlight: BJP MP Kangana Ranaut has been booked in Himachal Pradesh over alleged derogatory remarks against the Gandhi family. The case was registered following a complaint by Shimla resident Captain Atul Sharma. Police confirmed that an investigation is underway under Sections 196, 353 and 356 of the Bharatiya Nyaya Sanhita (BNS).

dot image
To advertise here,contact us
dot image