

മൗറീഷ്യോ പൊച്ചെറ്റീനോയെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മുന്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ചെല്‍സി പരിശീലകനായിരുന്ന അദ്ദേഹം നവംബര്‍ 18 മുതല്‍ ചുമതലയേല്‍ക്കും. യുഎസ് പുരുഷ ദേശീയ ടീമുമായുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊച്ചെറ്റിനോയെയും അദ്ദേഹത്തിന്റെ പരിശീലക സംഘത്തെയും വിട്ടുനല്‍കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുട്‌ബോള്‍ ഫെഡറേഷനുമായി ധാരണയിലെത്തിയതായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
2026-27 സീസണിലെ മോശം തുടക്കത്തെത്തുടര്‍ന്ന് ക്ലബ്ബ് പ്രീമിയര്‍ ലീഗ് റെലഗേഷന്‍ സോണിലേക്ക് വീണ സാഹചര്യത്തില്‍ ഈ ആഴ്ച ആദ്യം സ്ഥാനമൊഴിഞ്ഞ മൈക്കല്‍ കാരിക്കിന് പകരക്കാരനായാണ് പൊച്ചെറ്റിനോ എത്തുന്നത്. ഉയര്‍ന്ന വേഗതയിലുള്ള ആക്രമണ ഫുട്‌ബോള്‍ ശൈലിക്കും, ഒത്തിണക്കമുള്ള ടീമുകളെ കെട്ടിപ്പടുക്കുന്നതിനും, താരങ്ങളുടെ വ്യക്തിഗത മികവ് വികസിപ്പിക്കുന്നതിനും പേരുകേട്ട പരിശീലകനാണ് 54-കാരനായ ഈ അര്‍ജന്റീനക്കാരന്‍.
'യുഎസ് പുരുഷ ദേശീയ ടീമുമായുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൗറീഷ്യോ പൊച്ചെറ്റീനോയെയും അദ്ദേഹത്തിന്റെ സ്റ്റാഫിനെയും വിട്ടുനല്‍കുന്നതിനായി യു.എസ്. സോക്കര്‍ ഫെഡറേഷനുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാറിലെത്തി' -ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു. 2009-ല്‍ എസ്പാന്‍യോളിലൂടെ പരിശീലക ജീവിതം ആരംഭിച്ച പൊച്ചെറ്റിനോ, പിന്നീട് ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയും സതാംപ്ടണ്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ എന്നീ ക്ലബ്ബുകളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2014-ല്‍ സതാംപ്ടണെ അന്നത്തെ ക്ലബ്ബ് റെക്കോര്‍ഡ് പ്രീമിയര്‍ ലീഗ് പോയിന്റ് നേട്ടത്തിലേക്ക് അദ്ദേഹം നയിച്ചു.
ഇംഗ്ലീഷ് ഫുട്‌ബോളിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കാലഘട്ടം ടോട്ടന്‍ഹാമിലായിരുന്നു. അഞ്ച് സീസണുകള്‍ അവിടെ ചെലവഴിച്ച അദ്ദേഹം, നോര്‍ത്ത് ലണ്ടന്‍ ക്ലബ്ബിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി സ്ഥിരമായി മത്സരിക്കുന്ന ടീമാക്കി മാറ്റി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സ്പര്‍സ് തുടര്‍ച്ചയായി നാല് സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയും, 2019-ല്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുകയും ചെയ്തു.
തുടര്‍ന്ന് 2021-ല്‍ പാരീസ് സെന്റ്-ജെര്‍മെയ്നിലേക്ക് മാറിയ അദ്ദേഹം അവിടെ ലീഗ് 1 കിരീടം, കൂപ്പെ ഡി ഫ്രാന്‍സ്, ട്രോഫി ഡെസ് ചാമ്പ്യന്‍സ് എന്നിവ നേടി. 2023-ല്‍ ചെല്‍സിയുടെ പരിശീലക സ്ഥാനവും ഏറ്റെടുത്തു. ഏറ്റവും ഒടുവിലായി, ഫിഫ ലോകകപ്പില്‍ യുഎസ് പുരുഷ ദേശീയ ടീമിനെ പ്രീ-ക്വാര്‍ട്ടറില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആദ്യ 10 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അതീവ പ്രതിസന്ധി ഘട്ടത്തിലാണ് പൊച്ചെറ്റിനോയുടെ നിയമനം.
രണ്ട് വര്‍ഷത്തെ കരാര്‍ നല്‍കി ആറ് മാസം തികയുന്നതിന് മുമ്പാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ മൈക്കല്‍ കാരിക്കിന്റെ രണ്ടാം ഘട്ടത്തിന് അന്ത്യമായത്. സീസണിലെ നിരാശാജനകമായ തുടക്കത്തെത്തുടര്‍ന്ന് മാറ്റം അനിവാര്യമാണെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. എങ്കിലും, പരിശീലകനെന്ന നിലയില്‍ കാരിക്ക് നല്‍കിയ സംഭാവനകളെ പ്രശംസിച്ച ക്ലബ്ബ്, അദ്ദേഹത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെയും അര്‍പ്പണബോധത്തെയും പ്രൊഫഷണലിസത്തെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ടീമിന്റെ തകര്‍ച്ചയ്ക്ക് തടയിട്ട് റെലഗേഷന്‍ സോണില്‍ നിന്ന് കരകയറ്റുകയും സീസണ്‍ തിരിച്ചുപിടിക്കുകയുമാണ് പൊച്ചെറ്റിനോയ്ക്ക് മുന്നിലുള്ള അടിയന്തര വെല്ലുവിളി.
content highlights: Mauricio Pochettino Appointed New Manchester United Manager