റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന ചർച്ചയ്ക്ക് മുന്നോടിയായി മോദിയുമായി സംസാരിച്ച് സെലൻസ്കി

സെലെൻസ്‌കിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ഫോണിൽ സംസാരിച്ചു

റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന ചർച്ചയ്ക്ക് മുന്നോടിയായി മോദിയുമായി സംസാരിച്ച് സെലൻസ്കി
dot image

കീവ്: യു എസ്, റഷ്യ പ്രതിനിധികളുമായി അബുദാബിയിൽ നടക്കാനിരിക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണാൻ ഇന്ത്യയുടെ ഭാഗത്തുനിന്ന് സാധ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെയാണ് സെലെൻസ്‌കി സംസാരിച്ചത്.

മേഖലയിലെ ഏറ്റവും പുതിയ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് മോദിയെ ധരിപ്പിച്ചതായി സെലെൻസ്‌കി എക്‌സിലൂടെ അറിയിച്ചു. അബുദാബി ചർച്ചകൾക്ക് യുക്രെയ്ൻ പൂർണ്ണ സജ്ജമാണ്. യുക്രെയ്ൻ എപ്പോഴും ക്രിയാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഇനി സംഘർഷം അയവുവരുത്താനുള്ള സന്നദ്ധത വ്യക്തമാക്കേണ്ടത് റഷ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി മുൻപും സൂചിപ്പിച്ചിട്ടുണ്ടെന്നത് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. 'യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് എന്ത് നടപടികൾ സ്വീകരിക്കാമെന്നും മറ്റ് ലോക നേതാക്കളുമായി എങ്ങനെയെല്ലാം ചർച്ച നടത്താമെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്. യുക്രെയിനിലേക്കുള്ള ധാന്യ കയറ്റുമതി റഷ്യ തടയുന്ന സാഹചര്യത്തിൽ, ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണ്. ഈ ശ്രമങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' സെലെൻസ്‌കി എക്സിൽ കുറിച്ചു.

അതേസമയം, സമാധാനപരമായ പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. 'പ്രസിഡന്റ് സെലെൻസ്‌കിയുമായി ഫലപ്രദമായ സംഭാഷണം നടത്താൻ കഴിഞ്ഞു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായിട്ടുണ്ട്. സംഘർഷവും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങളും സമാധാന നീക്കങ്ങളും സംബന്ധിച്ച കാഴ്ചപ്പാടുകൾ പങ്കുവെച്ചതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ട്,' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

സെലെൻസ്‌കിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ സംഘർഷവും നിലവിലെ നയതന്ത്ര മുന്നേറ്റങ്ങളും സംഭാഷണത്തിൽ വിഷയമായതായി ജയശങ്കർ അറിയിച്ചു.

Content Highlights: Ukrainian President Volodymyr Zelenskyy spoke with Prime Minister Narendra Modi ahead of trilateral peace talks in Abu Dhabi involving the US, Russia and Ukraine. Zelenskyy sought India's support for ending the war.

dot image
To advertise here,contact us
dot image