

കൊല്‍ക്കത്ത: 1996 മുതല്‍ വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലില്‍ (WBMC) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖര്‍ജി അറിയിച്ചു. വ്യാജ ബിരുദങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍ രജിസ്ട്രേഷന് രേഖകളില്‍ നിന്ന് വ്യാജ ഡോക്ടര്‍മാരെ വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ യോഗ്യതാ രേഖകളെല്ലാം വീണ്ടും പരിശോധിക്കും. വിവിധ സര്‍വകലാശാലകള്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ 1.1 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതിയൊരു പരിശോധനാ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏകദേശം മൂന്ന് പതിറ്റാണ്ടുകളായുള്ള മെഡിക്കല്‍ രജിസ്ട്രേഷനുകള്‍ പരിശോധിക്കുന്നതിനായി ഒരു ബാഹ്യ ഏജന്‍സിയുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ പുതിയൊരു പരിശോധനാ സംവിധാനം നടപ്പിലാക്കുക. അതേസമയം, ഈ പ്രക്രിയയ്ക്കിടയില്‍ ഡോക്ടര്‍മാര്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ 'നോ യുവര്‍ കസ്റ്റമര്‍' (KYC) മാതൃകയില്‍, 'നോ യുവര്‍ ഡോക്ടര്‍' (KYD) എന്നൊരു പ്രോട്ടോക്കോള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ നേരിട്ടുള്ള പരിശോധനയും വീഡിയോ വഴിയുള്ള പരിശോധനയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രായമായവര്‍ക്കും ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും പരിശോധന നടത്തുക. ഈ പ്രക്രിയ മുഴുവന്‍ ഒരു സ്വതന്ത്ര ഏജന്‍സി നിരീക്ഷിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറപ്പെടുവിക്കും. തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ഇത്തരം ഒരു വീഴ്ച ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സംഭവിച്ചിട്ടുണ്ടാകില്ലെന്നും ഇതാണ് 'ഡയമണ്ട് ഹാര്‍ബര്‍' പാര്‍ട്ടിയുടെ 'ഡയമണ്ട് മോഡല്‍' എന്നും ബിജെപി അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യ പരിഹസിച്ചു. ഈ പ്രഖ്യാപനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെയും രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ തൃണമൂല്‍ എംപി സൗഗത റോയ്, ഡോക്ടര്‍മാരെ എസ്ഐആര്‍ പ്രക്രിയയ്ക്ക് വിധേയമാക്കുന്നതു പോലെയാണ് നടപടിയെന്ന് കുറ്റപ്പെടുത്തി.
Content Highlights: West Bengal Health Minister Sharadwat Mukherjee has announced a verification drive covering the educational qualifications of 1.1 lakh doctors registered with the West Bengal Medical Council since 1996. The move follows allegations that some doctors hold fake degrees. The government has reportedly identified suspected cases through registration records and will re-examine the certificates issued by various universities to the registered doctors.