ഇസ്രയേല്‍ തെരഞ്ഞെടുപ്പ്: ബെഞ്ചമിന്‍ നെതന്യാഹുവിന് വേണ്ടി പ്രചാരണം നടത്തി വ്യാജ ഇറാനിയന്‍ അക്കൗണ്ടുകള്‍

ഇസ്രയേലി മാധ്യമമായ 'ഹാറെറ്റ്‌സ്' ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇസ്രയേല്‍ തെരഞ്ഞെടുപ്പ്: ബെഞ്ചമിന്‍ നെതന്യാഹുവിന് വേണ്ടി പ്രചാരണം നടത്തി വ്യാജ ഇറാനിയന്‍ അക്കൗണ്ടുകള്‍
dot image

ടെല്‍ അവീവ്: കഴിഞ്ഞ ആഴ്ച നടന്ന ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണച്ചുകൊണ്ട് വ്യാജ ഇറാനിയന്‍ അക്കൗണ്ടുകളുടെ ശൃംഖല പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. വിദേശത്ത് ജീവിക്കുന്ന ഇറാനികളാണെന്ന് അവകാശപ്പെടുന്ന 1,653 എക്‌സ് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് 'ഇറാനിയന്‍ ജനതയ്ക്ക് വേണ്ടി' (on behalf of the Iranian people) എന്ന പേരില്‍ ഹീബ്രു ഭാഷയില്‍ പ്രചാരണം നടത്തിയത്. ഇസ്രയേലി മാധ്യമമായ 'ഹാറെറ്റ്‌സ്' ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡിജിറ്റല്‍ സ്വാധീന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യാജപ്രചാരണങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന എക്‌സ്‌പോസ് (Expose) എന്ന സോഷ്യല്‍ മീഡിയ നിരീക്ഷണ ഏജന്‍സിയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ട്.

Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹു

തെരഞ്ഞെടുപ്പ് ദിനത്തിലാണ് ഈ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ഏറ്റവും തീവ്രമായത്. സാധാരണ ഗതിയില്‍ നാല് പോസ്റ്റുകള്‍ മാത്രം പ്രതീക്ഷിക്കാവുന്ന സ്ഥാനത്ത്, രണ്ട് അക്കൗണ്ടുകള്‍ ചേര്‍ന്ന് ഒരേപോലെയുള്ള 109 സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും 53 വ്യത്യസ്ത അക്കൗണ്ടുകള്‍ പങ്കുവെച്ച 232 പോസ്റ്റുകള്‍ക്ക് ഇവര്‍ ഒരേസമയത്തോ അല്ലെങ്കില്‍ അഞ്ച് മിനിറ്റിനുള്ളിലോ മറുപടി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിനം പ്രഭാതത്തില്‍ #IsraeliElections2026 എന്ന ഹാഷ്ടാഗോടെ രണ്ട് അക്കൗണ്ടുകള്‍ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ 'ജോലി പൂര്‍ത്തിയാക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു' (We call on you to support Benjamin Netanyahu to finish the job) എന്ന സന്ദേശം വോട്ടര്‍മാരുമായി പങ്കുവെച്ചു.

Also Read:

തെരഞ്ഞെടുപ്പ് തലേന്ന് രാത്രി പത്ത് മണിക്ക് 'നാളെ, ലിക്കുഡ് പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുക' (Tomorrow, vote only for the Likud patry) എന്നും പുലര്‍ച്ചെ രണ്ട് മണിയോടെ ഹീബ്രുവിലും ഇംഗ്ലീഷിലുമായി 'പ്രിയപ്പെട്ട ഇസ്രയേലിലെ ജനങ്ങളേ, ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ നിന്നും പ്രതിരോധ അച്ചുതണ്ടില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം വേണമെങ്കില്‍ വോട്ട് ചെയ്യുക' (Dear people of Israel, if you want to be protected from the Islamic Republic and the Axis of Resistance, vote) എന്ന സന്ദേശവും ഇവര്‍ ഓരോ വോട്ടര്‍മാര്‍ക്കും അയച്ചിരുന്നു.

നെതന്യാഹുവിന്റെ പ്രചാരണത്തിന്റെ ഭാഗമായ 1,653 അക്കൗണ്ടുകളില്‍ 1,600ഓളം അക്കൗണ്ടുകളും ഇറാന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. 1979ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഇറാന്റെ അവസാന ഷായുടെ മകന്‍ റെസാ പഹ്‌ലവിയെ പിന്തുണയ്ക്കുന്നതിനായിരുന്നു ഈ ശൃംഖല കഴിഞ്ഞ വര്‍ഷം പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.

Reza Pahlavi
റെസാ പഹ്‌ലവി

ജൂലൈയില്‍ ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായപ്പോള്‍, ഇതിലെ 185 അക്കൗണ്ടുകള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ട് നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുമായി ഇടപെടാന്‍ തുടങ്ങി. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഈ ശൃംഖല വീണ്ടും റെസാ പഹ്‌ലവിയെ പിന്തുണയ്ക്കുന്ന പഴയ ലക്ഷ്യത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തുവെന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രാന്‍ഡൈസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഫേക്ക് റിപ്പോര്‍ട്ടര്‍ എന്ന സംഘടനയും ഈ അക്കൗണ്ടുകള്‍ക്കെതിരെ നെതന്യാഹു, ലിക്കുഡ് പാര്‍ട്ടി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവര്‍ക്കെതിരെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍, കമ്മിറ്റി ചെയര്‍മാന്‍ ജഡ്ജി നോം സോള്‍ബെര്‍ഗ് ഹര്‍ജി തള്ളി.

ഈ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും, അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് തെളിവുകള്‍ പൊലീസിന് കൈമാറി. ഈ അക്കൗണ്ടുകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസും ലിക്കുഡ് പാര്‍ട്ടിയും വിശദീകരിക്കുന്നത്.

Content Highlight: A network of 1,653 X profiles claiming to belong to Iranians living abroad reportedly ran a Hebrew-language campaign supporting Israeli Prime Minister Benjamin Netanyahu during last week's Israeli general election. Operating under the name 'On Behalf of the Iranian People', the accounts reportedly sought to influence public opinion in favour of Netanyahu's election campaign. Israeli newspaper Haaretz exposed the network, which is also believed to have been involved in supporting Reza Pahlavi, the son of Iran's last Shah, who was overthrown in 1979, in campaigns against the Iranian government. The individuals or groups behind the accounts have not yet been identified.

dot image
To advertise here,contact us
dot image