കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസി നിയമനം; ലീഗ് നോമിനിയുടെ നിയമനം ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചതിന് വിസിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസി നിയമനം; ലീഗ് നോമിനിയുടെ നിയമനം ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ്
dot image

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസി നിയമനത്തില്‍ ഗുരുതര ചട്ടലംഘനം ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ലീഗ് നോമിനിയായ ഡോ പി റഷീദ് അഹമ്മദിന്റെ നിയമനം ഉന്നത വിദ്യഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചതിന് വിസിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. എയ്ഡഡ് കോളേജ് അധ്യാപകനായ റഷീദ് അഹമ്മദിന് ഡെപ്യൂട്ടേഷന്‍ നല്‍കിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് (ബി ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും കരുവാരക്കുണ്ട് കെടിഎം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജര്‍ക്കും കത്തയച്ചിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് എയ്ഡഡ് കോളേജായ കരുവാരക്കുണ്ട് കെടിഎം കോളേജിലെ പ്രൊഫസറായ ഡോ പി റഷീദ് അഹമ്മദിനെ മാതൃസ്ഥാപനത്തില്‍ നിന്ന് വിടുതല്‍ ചെയ്ത് പ്രോ-വൈസ് ചാന്‍സലറായി ചുമലയേല്‍ക്കാന്‍ അനുവദിച്ചതെന്നാണ് കത്തിലുള്ളത്. നിയമനത്തിന് അനുമതി നല്‍കേണ്ട സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഈ നടപടി സ്വീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യം. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരുടെ അധികാരത്തിലാണ് റിലീവിങ്, ജോയിനിങ് ഉത്തരവുകള്‍ പുറത്തിറിക്കിയതെന്നും വിശദീകരിക്കാനും സര്‍ക്കാരിന്റെ അണ്ടര്‍ സെക്രട്ടറി എസ് സി ഷിബു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Calicut University Administration Block
കാലിക്കറ്റ് സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോ പി രവീന്ദ്രന്‍ നടത്തിയ പ്രോ-വൈസ് ചാന്‍സലര്‍ നിയമനം നിയമവിരുദ്ധമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍, പിവിസി ഡോ റഷീദ് അഹമ്മദും വിസിയും അടിയന്തരമായി രാജി വെക്കണമെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 'ഇടതുപക്ഷ സിന്‍ഡിക്കേറ്റ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് ഭരിക്കുന്ന വകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അടി വരയിട്ടിരിക്കുകയാണ്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുനിന്നുള്ള വിഷയമായി മിന്നല്‍ വേഗത്തിലാണ് വിസി ഈ നിയമനം കൊണ്ടുവന്നത്. ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തുവെങ്കിലും ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഒറ്റവരി തീരുമാനം വായിച്ച് നിയമവിരുദ്ധമായി ഇദ്ദേഹത്തെ കസേരയില്‍ ഇരുത്തുകയായിരുന്നു', ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ ആരോപിച്ചു.

എയ്ഡഡ് കോളേജ് അധ്യാപകനെ മറ്റൊരു തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുമ്പോള്‍ ചില വ്യവസ്ഥകളുണ്ട്. സര്‍വകലാശാലാ നിയമന ഉത്തരവ് നല്‍കി, കോളേജ് മാനേജരുടെ എന്‍ഒസി നേടി, ഉന്നത വിദ്യാഭ്യാസവകുപ്പുവഴി സര്‍ക്കാര്‍ അനുമതി വാങ്ങിയതിനുശേഷമേ റിലീവ് ചെയ്യാന്‍ പാടുള്ളൂ എന്നാണത്. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ അന്ന് വൈകീട്ട് മൂന്നിനുതന്നെ തിടുക്കപ്പെട്ട് നിയമന ഉത്തരവിറക്കുകയായിരുന്നുവെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ എം ബി ഫൈസല്‍, പ്രൊഫ ഡോ ടി മുഹമ്മദ് സലീം, പ്രൊഫ ഡോ മുഹമ്മദ് ഹനീഫ, ഡോ കെ പ്രദീപ്കുമാര്‍, പി പി സുമോദ് എംഎല്‍എ, ഡോ പി സുശാന്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: The Kerala Higher Education Department has raised serious objections over the appointment of Dr P Rasheed Ahmed as Pro-Vice-Chancellor of Calicut University, stating that it has not approved the appointment. The department has sought an explanation from the Vice-Chancellor for appointing him without prior government permission. It pointed out that Rasheed Ahmed, an aided college teacher and IUML nominee, was appointed on deputation without obtaining the required approval in advance.

dot image
To advertise here,contact us
dot image