ഇറാനെതിരായ യുദ്ധം: ട്രംപിനെതിരെ യുഎസ് സെനറ്റർമാരുടെ രൂക്ഷ വിമർശനം; വിലവർധനയിലും പ്രതിഷേധം

യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് തടയണമെന്നും ഇറാൻ യുദ്ധം വൻതോതിലുള്ള ചെലവാണ് സൃഷ്ടിക്കുന്നതെന്നുമാണ് യു എസ് സെനറ്റർമാരുടെ വിമർശനം

ഇറാനെതിരായ യുദ്ധം: ട്രംപിനെതിരെ യുഎസ് സെനറ്റർമാരുടെ രൂക്ഷ വിമർശനം; വിലവർധനയിലും പ്രതിഷേധം
dot image

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. സൈനികരെ അയച്ചതിനും യുദ്ധം മൂലമുണ്ടായ വിലവർധനയ്ക്കും കാരണം ഡോണൾഡ് ട്രംപാണെന്നാണ് വിമർശനം. സൈനികരുടെ മരണസംഖ്യ മറച്ചുവെക്കുന്നത് ട്രംപ് തുടരുകയാണെന്നും. ഇറാനിൽ ട്രംപ് തിരഞ്ഞെടുത്ത നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കുകയാണെന്നുമാണ് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ്റെ വിമർശനം. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് തടയണമെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ വാൻ ഹോളൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശകാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫിയും ഇറാനെതിരായ യുദ്ധത്തെ വിമർശിച്ച് രം​ഗത്ത് വന്നു. ദുരന്തമായി മാറിയ കാര്യക്ഷമതയില്ലാതെ കൈകാര്യം ചെയ്ത ഇറാൻ യുദ്ധം വൻതോതിലുള്ള ചെലവാണ് സൃഷ്ടിക്കുന്നതെന്നാണ് മർഫിയുടെ വിമർശനം. ഇന്ധനവിലയിലാണ് ഇതിന്റെ പ്രതിഫലം ഏറ്റവും വ്യക്തമായി കാണുന്നത്. എന്നാൽ ഡീസൽ വിലയിലുണ്ടായ വർധനയും ഏറെ ആശങ്കാജനകമാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായ ഡീസൽ വില എല്ലാത്തിന്റെയും ചെലവ് ഉയർത്തുകയാണ് എന്നായിരുന്നു മർഫി എക്‌സിൽ കുറിച്ചത്.

ഇതിനിടെ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒമാനിലെത്തിച്ചതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യൻ ദൗത്യസംഘം നന്ദി അറിയിച്ചു. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി (KOTC)യുടെ ഉടമസ്ഥതയിലുള്ള വെറി ലാർജ് ക്രൂഡ് കാരിയർ (VLCC) എംടി കാസിമ III ആണ് ആക്രമണത്തിനിരയായത്. യാത്രയ്ക്കിടെ പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കെഒറ്റിസിയുടെ സൂപ്പർടാങ്കറിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് എംടി കാസിമ III. ഇതിന് മുമ്പ് അൽ ഫുന്താസ് എന്ന കപ്പലിന് നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. വാണിജ്യ കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുള്ള പ്രൊജക്ടൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

100 മില്യണ്‍ ബാരല്‍ എണ്ണയും ഡീസലും വിപണിയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ജി7 രാജ്യങ്ങള്‍ അറിയിച്ചത് ട്രംപിന് താൽക്കാലിക ആശ്വാസമാണെന്ന് വിലയിരുത്തലുകളുണ്ട്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ വിതരണ തടസ്സങ്ങള്‍ക്കിടെ ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ജി7 രാജ്യങ്ങളുടെ നടപടി. ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി7 വരും ദിവസങ്ങളില്‍ ഗണ്യമായ അളവില്‍ ഡീസല്‍ ശേഖരം പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: US senators sharply criticize Donald Trump over the war against Iran as protests grow over rising prices and its impact on Americans.

dot image
To advertise here,contact us
dot image