

റിയാദ്: സൗദിക്കെതിരായ ഹൂതി ആക്രമണത്തില്‍ സൗദി അറേബ്യക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുര്‍ക്കിയും. മൂന്ന് രാജ്യങ്ങളും ഉള്‍പ്പെടുന്ന മക്ക കരാറിന്റെ ഭാഗമായി സംയുക്ത സൈനിക നീക്കത്തിനാണ് ശ്രമം. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക മേധാവികളെ റിയാദിലേക്ക് അയച്ചു. ഹൂതികള്‍ക്കെതിരായ യുദ്ധം ശക്തമാകുന്നതോടൊപ്പം പരസ്പര പ്രതിരോധ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരണമെന്ന സൗദി അറേബ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
തുര്‍ക്കി ജനറല്‍ സെല്‍ചുക് ബൈറക്തറോഗ്ലു സൗദി അറേബ്യയിലേക്ക് പോകുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഉടന്‍ റിയാദിലെത്തുമെന്നാണ് വിവരം. ഹൂത്തികള്‍ ആഴ്ചകളായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് സൈനിക മേധാവികളുടെ അടിയന്തര യോഗത്തിന് സൗദി ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച സൗദിയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. സൗദി അരാംകോ കേന്ദ്രങ്ങള്‍ക്കെതിരെയും ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. സൗദിയിലെ തായിഫിലേക്കും യാന്‍ബുവിലേക്കും എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സൗദി അധികൃതര്‍ അറിയിച്ചു. മക്ക, ജിദ്ദ, യാന്‍ബു എന്നിവിടങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓഗസ്റ്റ് 7ന് ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ്. ഇന്ന് നടക്കുന്ന യോഗത്തിന് മുന്നോടിയായുള്ള നടപടികള്‍ പ്രതിസന്ധിയെ സൗദി എത്രത്തോളം ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. സെപ്റ്റംബര്‍ 24ന് ന്യൂയോര്‍ക്കില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൂന്ന് രാജ്യങ്ങളിലെയും സൈനിക മേധാവിമാരുടെ അടിയന്തര യോഗം പ്രഖ്യാപിച്ചത്.
Content Highlights: Pakistan and Turkey are sending their military chiefs to Riyadh for urgent talks with Saudi Arabia on joint defence coordination under the Mecca Defence Agreement, amid escalating Houthi missile and drone attacks targeting Saudi territory