

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികളുമായി ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ അംഗീകരിച്ചതോടെയാണ് പുതിയ നിയമത്തിന് സാധുതയായിരിക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കുന്നതിനും അടുത്ത വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് തുടക്കമായി. പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 1,140 ഡോളർ (1,000 യൂറോ) വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
ഡിക്രി-ലോ ആയതിനാൽ നിയമത്തിന് ഉടൻ പ്രാബല്യമുണ്ട്. എന്നാൽ 60 ദിവസത്തിനുള്ളിൽ ഇതിന് പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിയമത്തിന് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയും അംഗീകാരം നൽകണം. വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജാഗ്രത വേണമെന്ന് സെർജിയോ മാറ്ററെല്ല ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പാരമ്പര്യത്തിന്റെ പേരിൽ യുവതികൾ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആർക്കും തീരുമാനിക്കാൻ കഴിയില്ലെന്നും മുഖം മറയ്ക്കാതെ വേണം സ്‌കൂളിൽ പോകാനെന്നും നേരത്തെ ദേശീയവാദ-യാഥാസ്ഥിതിക പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന വിഭാഗത്തിന്റെ പരിപാടിയിൽ ഞായറാഴ്ച സംസാരിക്കവെ ജോർജിയോ മെലോണി പറഞ്ഞിരുന്നു.
ഇറ്റാലിയൻ ഭാഷ പഠിക്കുന്നതിനുള്ള സംവിധാനങ്ങളും സ്‌കൂളുകളിൽ ബുർഖയും നിഖാബും തടയുന്നതിനുള്ള നടപടികളും സമൂഹത്തെ വിഭജിക്കാത്ത പൊതുബോധത്തിന്റെ ഭാഗമാണ് എന്നും മെലോണി പറഞ്ഞിരുന്നു. നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന, കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ പിന്തുണയ്ക്കുന്ന, എല്ലാവർക്കും ഒരേ നിലയിൽ നിന്ന് മുന്നേറാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് നമ്മൾ ലക്ഷ്യമിടുന്നതെന്ന് മെലോണി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ മെലോണി സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ സൈനിക ജനറൽ റോബർട്ടോ വണ്ണാച്ചിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്യൂച്ചറിന്റെ വർധിച്ചുവരുന്ന സ്വാധീനം നേരിടുന്നതിനാണ് സർക്കാർ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. റീമൈഗ്രേഷൻ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന നാഷണൽ ഫ്യൂച്ചർ പാർട്ടി ജൂലൈയിൽ തന്നെ സ്‌കൂളുകളിൽ ബുർഖ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് പാർട്ടി പ്രധാനമായും പ്രചാരണം നടത്തുന്നത്. വിദ്യാർഥികളുടെയും സ്‌കൂളുകളുടെയും യഥാർഥ ആവശ്യങ്ങളേക്കാൾ സാംസ്‌കാരികവും ആശയപരവുമായ വിഷയങ്ങൾക്കാണ് മെലോണി സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ സർക്കാരിന്റെ പരാജയം പുതിയൊരു ആശയപരമായ മുദ്രാവാക്യത്തിന് പിന്നിൽ മറച്ചുവയ്ക്കാനുള്ള ലജ്ജാകരമായ ഡിക്രിയാണിത് എന്നായിരുന്നു മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് എലി ഷ്ലൈൻ പ്രതികരിച്ചത്.
ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ വലിയ തോതിലുള്ള കേന്ദ്രീകരണം ഒഴിവാക്കുന്നതിനായി വിദ്യാർഥികളെ വിവിധ സ്‌കൂളുകളിലായി ക്രമീകരിക്കുന്നതിന് പ്രാദേശിക വിദ്യാഭ്യാസ അധികാരികൾ ഏകോപനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ജുസെപ്പെ വാൽദിത്താര പറഞ്ഞു. പുതിയ മാനദണ്ഡം പാലിക്കാൻ കഴിയാത്ത സ്‌കൂളുകൾക്ക് ഇളവുകളും അധിക ഭാഷാ പിന്തുണയ്ക്കുള്ള ധനസഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്താകെ ഏകദേശം 1,000 ക്ലാസ് മുറികളെ മാത്രമാണ് പുതിയ നിയന്ത്രണം ബാധിക്കുകയെന്നും ഇത് ആകെ ക്ലാസ് മുറികളുടെ ഏകദേശം 0.3 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022-23 അധ്യയന വർഷത്തിൽ ഇറ്റലിയിലെ സ്‌കൂൾ വിദ്യാർഥികളിൽ 11.2 ശതമാനം പേർ ഇറ്റാലിയൻ പൗരന്മാരല്ലാത്തവരായിരുന്നു. അതേസമയം 30 ശതമാനത്തിലധികം വിദേശ വിദ്യാർഥികളുള്ള ക്ലാസുകൾ ആകെ ക്ലാസുകളുടെ 7.6 ശതമാനമായിരുന്നു.
Content Highlights: Italy’s Giorgia Meloni government is introducing new measures that include a proposed burqa ban and tighter controls on the number of foreign students in the country.