

തിരുവനന്തപുരം: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേരുകള്‍ പുറത്തുവിട്ട സംഭവത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്‍. ഷോണ്‍ തങ്ങളുടെ സഹപ്രവര്‍ത്തകനാണ്. പരാതി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
98 മുതലുള്ള തന്റെ ആസ്തി വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ പണം പിരിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പണം പിരിക്കുന്നതില്‍ ആരെയും തെറ്റ് പറയാനാകില്ല. പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ല, മക്കളെ വിദേശത്തേക്ക് പഠിക്കാന്‍ വിട്ടിട്ടില്ല. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പോട് കൂടിയാണ് പാര്‍ട്ടിക്ക് വേണ്ടി പണം പിരിക്കാറ്. എക്‌സാലോജിക് കേസുമായി ഇത് കൂട്ടി കുഴയ്ക്കരുതെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
പേരുകള്‍ പുറത്തുവിട്ടതില്‍ ഷോണ്‍ ജോര്‍ജിനെതിരെ ബിജെപിയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വി മുരളീധരനെ സംശയ നിഴലിലാക്കിയെന്നായിരുന്നു വിമര്‍ശനം. പിണറായി വിജയനില്‍ നിന്ന് ശ്രദ്ധ തിരിച്ചെന്നും ആരോപമുയര്‍ന്നിരുന്നു.
വി മുരളീധരന്‍ തന്നെ ശാസിക്കാന്‍ അധികാരമുള്ള ആളാണെന്നായിരുന്നു വിഷയത്തില്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. വി മുരളീധരന്‍ പരാതി കൊടുത്തു എന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും ഷോണ്‍ വെല്ലുവിളിച്ചു. 'ഈ പാര്‍ട്ടിയിലെ ഏറ്റവും വലിയ നേതാവാണ് വി മുരളീധരന്‍. അദ്ദേഹം എനിക്കെതിരെ പരാതി നല്‍കേണ്ട കാര്യമില്ല. എന്നെ ശാസിക്കാന്‍ അധികാരം ഉള്ള ആളാണ്. മിണ്ടാതിരിയെടാ എന്ന് പറയാന്‍ അധികാരം ഉള്ള ആളാണ് അദ്ദേഹം. നേതാക്കള്‍ എല്ലാം ഒപ്പം ഉണ്ട്', ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അധികാരത്തില്‍ ഇരുന്നവര്‍ വാങ്ങിയ പണം കൈക്കൂലി തന്നെയാണെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. 'കേസില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം വേണം എന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്‍ക്കുന്നു. അതിനെ സ്വാഗതം ചെയ്താണ് ഇന്നലെ വി മുരളീധരന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇന്നലെ പുറത്ത് വന്ന പട്ടിക കാണിച്ചാണ് പിണറായി യുഡിഎഫിനെയും സതീശനെയും ഭീഷണിപ്പെടുത്തിയത്. ബിജെപി നിലപാടില്‍ ആരും വെള്ളം ചേര്‍ക്കേണ്ട. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജാണ് എന്റെ കയ്യില്‍ കിട്ടിയുള്ളൂ. ആ പട്ടികയില്‍ മുരളീധരന്‍ എന്ന ആള്‍ ഇല്ല. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പണം വാങ്ങിയതില്‍ തെറ്റില്ല. ആ കണക്ക് പാര്‍ട്ടി കണക്കില്‍ ഉണ്ടായാല്‍ മതി. കൊള്ള നടത്തിയത് പിണറായി വിജയന്‍ ആണ്. കിട്ടിയ രേഖയുടെ ആധികാരികത ഏറ്റെടുക്കാന്‍ മുരളീധരന് ബാധ്യത ഇല്ല. നിര്‍ബന്ധമായും എഫ്‌ഐആര്‍ ഇടേണ്ട കേസ് ആണ് ഇത്. നടപടി എടുത്തില്ലെങ്കില്‍ ഞാന്‍ കോടതിയെ സമീപിക്കും', ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Content Highlights: V Muraleedharan has said that he has neither filed a complaint against Shone George nor plans to do so. His statement clarifies his position amid discussions surrounding the issue.