

വാഷിങ്ടൺ: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ പോരാടുന്നതിന് സൈനിക സഹായം നൽകണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച ഇത് സംബന്ധിച്ച് മുഹമ്മദ് ബിൻ സൽമാനും ട്രംപിനും ഇടയിൽ ആശയവിനിമയം നടന്നതായാണ് ബന്ധപ്പെട്ട മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
മുഹമ്മദ് ബിൻ സൽമാനുമായി ട്രംപ് കുറഞ്ഞത് രണ്ട് തവണ ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്ട്. ഹൂതികൾക്കെതിരെ അമേരിക്ക നേരിട്ട് വ്യോമാക്രമണം നടത്തണമെന്ന സൗദിയുടെ ആവശ്യം ഡോണൾഡ് ട്രംപ് അംഗീകരിച്ചില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനും ആക്രമണ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനും അമേരിക്ക സഹായിക്കാമെന്ന് ട്രംപ് മുഹമ്മദ് ബിൻ സൽമാനെ അറിയിച്ചതായുമാണ് റിപ്പോർട്ട്. എന്നാൽ ഇരുനേതാക്കളും തമ്മിൽ സംഭാഷണം നടന്നോ എന്ന ചോദ്യത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. സൗദി അറേബ്യയുമായും ആന്താരാഷ്ട്ര അംഗീകൃത യെമൻ സർക്കാരുമായും അമേരിക്ക നിരന്തരമായി ആശയവിനിമയം നടത്തിവരികയാണെന്നും പേര് വെളിപ്പെടുത്താത്ത മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
'ചെങ്കടലിലെ കപ്പൽഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് അമേരിക്കയുടെ ശ്രദ്ധ. അതോടൊപ്പം, പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും മേഖലയിൽ അമേരിക്കയുടെ പങ്കാളികൾക്ക് നേതൃത്വം നൽകുന്നതിനുള്ള പിന്തുണ നൽകുകയും ചെയ്യും' എന്നാണ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ട്രംപുമായുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെക്കുറിച്ചുമുള്ള സൗദി സർക്കാരും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദി അറേബ്യയിലെത്തി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുണ്ട്. ട്രംപിനോട് സൗദി സഹായം തേടിയെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ആക്സിയോസാണ്.
ഇതിനിടെ ബാബ് എൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിൽ വെള്ളിയാഴ്ച ഇറാൻ അനുകൂല ഹൂതി സേന എത്തിയതായി യെമൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ഈ സമുദ്രമാർഗത്തിലെ ഹൂതികളുടെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് നീക്കമെന്നാണ് വിലയിരുത്തൽ. പെരിം ദ്വീപിൽ നിന്ന് തങ്ങളുടെ സേന പിൻവാങ്ങിയതായി സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പെരിം ദ്വീപിന് അഭിമുഖമായുള്ള ചെങ്കടൽ തീരദേശ പട്ടണമായ ദുബാബും ഹൂതികൾ പിടിച്ചെടുത്തതായി യെമൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ ഹൂതികൾ പിടിച്ചെടുത്ത ചെങ്കടൽ തീരത്തെ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് യെമൻ സർക്കാർ സേന സൂചന നൽകിയതായും റിപ്പോർട്ടുണ്ട്. ഹൂതി സായുധ സംഘങ്ങളുടെ ഏത് നീക്കവും തടയുന്നതിനായി തന്ത്രപ്രധാന മേഖലകളിൽ ആയുധങ്ങളും വിമാനങ്ങളും വിന്യസിക്കുമെന്ന് സർക്കാർ സേന അറിയിച്ചു. ഹൂതികളെ 'ഭീകര' സായുധ സംഘമെന്ന് വിശേഷിപ്പിച്ച സർക്കാർ സേന തീരദേശ നഗരമായ മോഖയിലേക്കുള്ള റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. യെമൻ ആഭ്യന്തര യുദ്ധകാലത്ത് വർഷങ്ങളോളം നീണ്ട സൗദി വ്യോമാക്രമണങ്ങളെ അതിജീവിച്ച ഹൂതി സേന ഈ ആഴ്ച ചെങ്കടൽ തീരത്ത് അതിവേഗ മുന്നേറ്റമാണ് നടത്തിയത്. ഹൂതികളുടെ ചെങ്കടൽ തീരത്തെ അതിവേഗ മുന്നേറ്റത്തിന് ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മാർഗനിർദേശം ലഭിച്ചതായി വ്യാഴാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കാൻ കഴിഞ്ഞയാഴ്ച ഇറാൻ ഹൂതികൾക്ക് നിർദേശം നൽകിയതായും കൂടുതൽ ധനസഹായവും ആയുധങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് രണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. ഹൂതികളെ സഖ്യകക്ഷിയായി ഇറാൻ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് സൈനിക നിർദേശങ്ങൾ നൽകുന്നില്ലെന്നും ഹൂതികൾ തങ്ങളുടെ നിഴൽ സംഘടന അല്ലെന്നും നേരത്തെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ജൂലൈ മുതലാണ് ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായത്. യെമനിലെ സനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ്റെ ഒരു സിവിലിയൻ വിമാനം ഇറങ്ങുന്നത് തടയാൻ സൗദി യുദ്ധവിമാനങ്ങൾ ശ്രമിച്ചതായി ആരോപിച്ച് ഹൂതി സേന അവരെ അക്രമിച്ചിരുന്നു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടൽ സൗദി അറേബ്യയും ഇറാൻ അനുകൂല ഹൂതി വിഭാഗവും തമ്മിൽ നാല് വർഷമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാറിന് വിരാമമിട്ടു.
Content Highlights: Saudi Arabia has reportedly sought US military assistance to counter Iran-aligned Houthis in Yemen, while Washington rejected Riyadh’s request for US airstrikes against the group