ചെങ്കടലിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു;തീരദേശ പട്ടണം ദുബാബും കീഴടക്കിയെന്ന് റിപ്പോർട്ട്

പെരിം ദ്വീപിന് അഭിമുഖമായുള്ള ചെങ്കടൽ തീരദേശ പട്ടണമായ ദുബാബും ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

ചെങ്കടലിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു;തീരദേശ പട്ടണം ദുബാബും കീഴടക്കിയെന്ന് റിപ്പോർട്ട്
dot image

‌സന: ഇറാൻ അനുകൂല ഹൂതി വിമതർ ബാബ് അൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിലെത്തിയതായി റിപ്പോർട്ട്. നാല് യെമൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടെഴ്സാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം വ്യാപിക്കുന്നതിനിടെ ആഗോളതലത്തിൽ നിർണായകമായ ബാബ് അൽ-മന്ദബ് കടലിടുക്കിലെ കപ്പൽ ഗതാഗത പാതയിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാനുള്ള ഹൂതികളുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പെരിം ദ്വീപിൽ നിന്ന് തങ്ങളുടെ സേന പിൻവാങ്ങിയതായി സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പെരിം ദ്വീപിന് അഭിമുഖമായുള്ള ചെങ്കടൽ തീരദേശ പട്ടണമായ ദുബാബും ഹൂതികൾ പിടിച്ചെടുത്തതായി യെമൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

പെരിം, ഹനീഷ് എന്നീ തന്ത്രപ്രധാന ദ്വീപുകളിലും മൊഖ, ദുബാബ് എന്നീ തീരദേശ പട്ടണങ്ങളിലും ഇറാൻ അനുകൂല ഹൂതികൾ എത്തിയതായാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ചെങ്കടൽ മേഖലയിലെ തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ ഈ നീക്കം ഹൂതികളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഹോർമൂസ് വഴിയുള്ള കപ്പൽ ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചെങ്കടലിൽ ഹൂതികൾ നേടുന്ന മേൽക്കൈ ഇറാന് അമേരിക്കയുമായുള്ള യുദ്ധത്തിൽ മേൽക്കൈ നൽകുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ സൗദി കപ്പലുകൾ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും കപ്പൽ കമ്പനികൾക്ക് ചെങ്കടലിലൂടെയുള്ള യാത്രസുരക്ഷിതമാണെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യെമൻ ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നടപടികൾ പ്രതിരോധപരമാണെന്നും യെമനിലേക്കുള്ള ആക്രമണങ്ങൾ അവസാനിക്കുന്നതോടെ അവയും അവസാനിക്കുമെന്നുമാണ് ഹൂതി വക്താവ് മുഹമ്മദ് അബ്ദുൽസലാം മറ്റ് വിശദാംശങ്ങൾ വ്യക്തമാക്കാതെ അറിയിച്ചത്.

ഹോർമൂസ് കടലിടുക്ക് വഴിയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ ചെങ്കടൽ വഴിയുള്ള എണ്ണ ഗതാഗതത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് മുമ്പ് കടന്നുപോയിരുന്നത്. ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് എണ്ണവില കുതിച്ചുയരാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എണ്ണ വിതരണപാതകൾ തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരുന്നു. ഓഗസ്റ്റിൽ സൗദി അറേബ്യയുടെ അസംസ്കൃത എണ്ണ വിതരണം പ്രതിദിനം 23 ലക്ഷം ബാരൽ കുറഞ്ഞ് 60 ലക്ഷം ബാരലായതും ആ​ഗോള എണ്ണവിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യെമനിലെ ഹൂതികളുമായി ബന്ധമുള്ള സംഘങ്ങൾ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ടതും എണ്ണ വിതരണത്തിലെ ഇടിവിന് കാരണമായതായി അന്താരാഷ്ട്ര ഊർജ ഏജൻസി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഗൾഫ് മേഖലയിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ നീക്കം. അന്താരാഷ്ട്ര പിന്തുണയുള്ള യെമൻ സർക്കാരിന്റെ സഖ്യസേനയും ഹൂതികളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ഹൂതികൾ സൗദി അറേബ്യയിലും ആക്രമണം നടത്തിയിരുന്നു. ഹൂതി മേഖലകളിൽ സൗദിയും വ്യോമാക്രമണം നടത്തി. ഹൂതി നിയന്ത്രണത്തിലുള്ള യെമനിൽ സൗദി അറേബ്യ നേരത്തെ 54 വ്യോമാക്രമണങ്ങൾ നടത്തിയതായാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ ആരോപിച്ചത്. ഇതിന് മറുപടിയും ശിക്ഷയും നൽകാതെ പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം തുടരുകയാണെന്ന് സൗദിയും ആരോപിച്ചിരുന്നു.

ഇറാന്റെ പിന്തുണയുള്ള പ്രാദേശിക സഖ്യമായ ആക്സിസ് ഓഫ് റെസിസ്റ്റൻസ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഹൂതികളെ കണക്കാക്കുന്നത്. ഗാസയിലെ യുദ്ധത്തിലും ഹൂതികൾ പലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കൊപ്പം ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കെതിരെയും അവർ ആക്രമണം നടത്തിയിരുന്നു.

Content Highlights: Yemen's Iran-aligned Houthis have reportedly seized the strategic Perim Island in the Red Sea and taken control of the coastal town of Dhubab.

dot image
To advertise here,contact us
dot image