

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. ഇന്ന് ഉച്ചക്ക് ശേഷമാണ് സമ്മിറ്റിന്റെ ആദ്യ സെഷന്‍ ആരംഭിക്കുന്നത്. ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇന്ത്യയിലെത്തും. വൈകിട്ട് 5:45 ന് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കും. ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
'ഏല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണ സംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും' എന്ന വിഷയത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമാകുന്നത്. ഇതിന് ശേഷം പ്രതിനിധികളള്‍ ഭാരത് ഇന്നവേഷന്‍ എക്‌സിബിഷന്‍ വേദി സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിക്ക് ബ്രിക്‌സിന്റെ ഓര്‍മ എന്ന നിലയില്‍ ഭാരത് മണ്ഡപിന് പുറത്ത് വൃക്ഷ തൈകള്‍ നടുന്ന പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി ഉഭയ കക്ഷി കൂടിക്കാഴ്ച രാവിലെ മുതല്‍ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്നലെ നടന്ന കൂടിക്കാഴ്ചകളില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടായി എന്നാണ് കരുതുന്നത്. റഷ്യയുമായി നടത്തിയ ചര്‍ച്ചയില്‍ സുഖോയ് വിമാനങ്ങള്‍ അടക്കം കൈമാറുന്ന കാര്യങ്ങളില്‍ ചര്‍ച്ച നടന്നു എന്നാണ് വിവരം. ആണവോര്‍ജ്യ മേഖലയില്‍ കൂടുതല്‍ സഹകരണവും നേതാക്കല്‍ ചര്‍ച്ച ചെയ്തു. ഇറാനുമായി നടന്ന ചര്‍ച്ചയില്‍ ഹോര്‍മൂസില്‍ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ഇന്ന് ഉച്ചയോടെ രാഷ്ട്ര തലവന്മാര്‍ എല്ലാം എത്തിച്ചേരും എന്നാണ് വിവരം.
ഇന്ത്യ ആഗോള പ്രശ്‌നങ്ങളുടെ പരിഹാര കേന്ദ്രമായി മാറിയെന്ന് ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ അന്താരാഷ്ട്ര മേഖലകളിലും ബ്രിക്‌സ് ഇടപെടുന്നുണ്ടെന്നും ലോക ജിഡിപിയുടെ 40% ബ്രിക്‌സ് രാജ്യങ്ങളിലാണെന്നും വ്‌ളാഡിമിര്‍ പുടിനും വ്യക്തമാക്കി. ജി 7 രാജ്യങ്ങളില്‍ ജിഡിപി 29% മാത്രമാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പശ്ചിമേഷ്യയിലെയും റഷ്യ-യുക്രെയ്ൻ യുദ്ധങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Content Highlights: The BRICS Summit officially begins today, with the first session scheduled for the afternoon. Chinese President Xi Jinping is expected to arrive in India around noon, followed by a meeting with Prime Minister Narendra Modi at 5:45 PM. Modi had met Russian President Vladimir Putin and Iranian President Masoud Pezeshkian on the previous day.