ഇറാനിലെ പിക്‌ആക്‌സ് ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ (CSIS) നടത്തിയ പുതിയ ഉപഗ്രഹചിത്ര വിശകലനത്തിലാണ് ഈ വർഷം നിർമാണ പ്രവർത്തനങ്ങൾ അതിവേ​ഗം നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്

ഇറാനിലെ പിക്‌ആക്‌സ് ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
dot image

വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി ഉപ​ഗ്രഹചിത്രങ്ങൾ പുറത്ത്. അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളിൽ ഈ വർധനവുണ്ടായതെന്നാണ് ആറ് വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ഒരു സംഘം വിശകലന വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കായി, നതാൻസ് ആണവ സമുച്ചയത്തിന് സമീപമാണ് പിക്‌ആക്‌സ് മൗണ്ടൻ എന്നറിയപ്പെടുന്ന ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ഭാവി ആണവപദ്ധതികൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രമായി ഇത് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുള്ളതിനാൽ ഏറെക്കാലമായി ഈ കേന്ദ്രം നിരീക്ഷണത്തിലാണ്.

സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ (CSIS) നടത്തിയ പുതിയ ഉപഗ്രഹചിത്ര വിശകലനത്തിലാണ് ഈ വർഷം നിർമാണ പ്രവർത്തനങ്ങൾ അതിവേ​ഗം നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി ലഭിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് സിഎൻഎൻ ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആണവപദ്ധതിക്ക് സുരക്ഷിത കേന്ദ്രമായി ഉപയോഗിക്കാനാണ് ഈ ഭൂഗർഭ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്ററിലെ വിശകലന വിദഗ്ധർ വിലയിരുത്തുന്നത്.

പിക്‌ആക്‌സ് മൗണ്ടനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള റോഡ് പ്രവർത്തനങ്ങൾ 2026ൽ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുരങ്ക പ്രവേശന കവാടങ്ങൾ ഉയർത്തുകയും കൂടുതൽ സുരക്ഷിതമാക്കുകയും, ആന്തരിക റോഡ് ശൃംഖലയിൽ ടാറിങ് നടത്തിയതും, പ്രവേശന മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തിയതും തുരങ്ക നിർമാണത്തിനിടെ പുറത്തെടുത്ത മണ്ണ് നീക്കം ചെയ്ത് പ്രദേശം നിരപ്പാക്കുന്നതുമാണ് പ്രധാനമായും നടന്നിട്ടുള്ള പ്രവർത്തനങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പിക്‌ആക്‌സ് മൗണ്ടനിൽ തുടർച്ചയായി നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും വിവിധ ഘടകങ്ങൾ പരി​ഗണിക്കുമ്പോൾ ഈ കേന്ദ്രം ഇപ്പോഴും യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് പൂർണമായി സജ്ജമായിട്ടില്ലെന്നാണ് CSIS വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ഈ കേന്ദ്രത്തിന്റെ ഉദ്ദേശ്യം യുറേനിയം സമ്പുഷ്ടീകരണമാണെങ്കിൽ നിലവിൽ അവിടെ അത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സൂചനയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രിഫ്യൂജുകൾ ഈ കേന്ദ്രത്തിലേക്ക് മാറ്റാൻ ഇറാൻ ശ്രമിക്കുന്നുണ്ടാകാമെന്ന് നേരത്തെ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. പിക്‌ആക്‌സ് മൗണ്ടൻ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിക്‌ആക്‌സിൽ നമ്മൾ ഉടൻ ആക്രമണം നടത്തിയേക്കാം. അവിടെ ആരൊക്കെയാണ് നീങ്ങുന്നതെന്ന് ഞങ്ങൾക്ക് അറിയാം എന്നായിരുന്നു കഴിഞ്ഞ ആഴ്ച ട്രംപിൻ്റെ പ്രതികരണം.

അതേസമയം ഗ്രാനൈറ്റ് പർവതത്തിനുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആണവകേന്ദ്രം ലക്ഷ്യമിടുന്നത് പെന്റഗണിന്റെ ഏറ്റവും ശക്തമായ ആണവേതര ബോംബുകൾക്ക് പോലും വലിയ വെല്ലുവിളിയാണെന്ന് സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ സംഘം ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ അത്യാധുനിക ആയുധങ്ങൾക്ക് ഭേദിക്കാൻ പ്രയാസമുള്ളതായി കരുതപ്പെടുന്ന പിക്‌ആക്‌സ് ആണവകേന്ദ്രം മാത്രമല്ല ഇറാനിൽ ഉള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിക്കാൻ പുതിയ മാർഗങ്ങൾ വികസിപ്പിക്കുന്നതിനായി അമേരിക്ക ശ്രമിക്കുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ഇറാനുമായുള്ള ആറ് മാസം നീണ്ടുനിൽക്കുന്ന സംഘർഷത്തിനിടെ അമേരിക്കൻ സേന പ്രധാനമായും മറ്റ് തരത്തിലുള്ള ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും ആഴത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുള്ള മാർഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.

2025 ജൂണിൽ അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്നായിരുന്നു സൈന്യം ഈ ആക്രമണത്തിന് നൽകിയിരുന്ന പേര്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ചിലത് തകർക്കാൻ ആക്രമണങ്ങൾക്ക് കഴിഞ്ഞെങ്കിലും ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ ആണവകേന്ദ്രത്തെ പൂർണമായി തകർക്കാൻ പെന്റഗണിന്റെ കൈവശമുള്ള ‘മാസീവ് ഓർഡനൻസ് പെനട്രേറ്റർ’ (MOP) എന്നറിയപ്പെടുന്ന ഭൂഗർഭ ബങ്കർ തകർക്കുന്ന ബോംബുകൾക്ക് കഴിഞ്ഞില്ലെന്ന് റിപ്പോ‍ർട്ടുകളുണ്ടായിരുന്നു.

നിലവിലെ MOP ബോംബിന് പകരമായി കൂടുതൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് എത്താൻ ശേഷിയുള്ള അടുത്ത തലമുറ പെനട്രേറ്റ‍ർ ബോംബ് വികസിപ്പിക്കാനുള്ള ശ്രമങ്ങളും അമേരിക്കൻ സൈന്യം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ ആയുധത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ കരാർ 2025 സെപ്റ്റംബറിൽ നൽകിയിരുന്നു. ഈ പുതിയ ആയുധം വികസിപ്പിക്കുന്നതിനായി പ്രതിരോധ മേഖലയിലെ കമ്പനികളിൽ നിന്ന് അമേരിക്കൻ വ്യോമസേന ജൂണിലും നിർദേശങ്ങളും ക്ഷണിച്ചിരുന്നു.

Content Highlights: New satellite imagery indicates accelerated construction activity at Iran’s suspected Pickaxe Mountain nuclear site near the Natanz nuclear complex. The development has drawn attention from analysts monitoring Iran’s nuclear infrastructure amid the ongoing conflict with the United States.

dot image
To advertise here,contact us
dot image