

ടെൽഅവീവ്: ഹമാസ് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎഇ പ്രസിഡന്റ് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് 2023 ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിന് ഏകദേശം പത്ത് ദിവസം മുമ്പായിരുന്നു ഈ മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്. എന്നാൽ നെതന്യാഹു ഈ വിവരം ഇസ്രയേൽ സുരക്ഷാ മേധാവികളെ അറിയിക്കുകയോ ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹാരറ്റ്സ് പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹമാസ് നേതാവ് യഹിയ സിൻവാർ ഇസ്രയേലിനെതിരെ വലിയൊരു നീക്കത്തിന് തയ്യാറെടുക്കുകയാണെന്നും അത് വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കുകയും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുകയും അബ്രഹാം അക്കോർഡിന് വരെ തിരിച്ചടിയാകുകയും ചെയ്യുമെന്നും യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകരായ ഷ്ലോമി എൽദറും റൂത്ത് യുവാലും ചേർന്ന് രചിച്ച ‘Kidnapped: 843 Days of Abandonment’ എന്ന പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ഇസ്രയേലിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ നടന്ന 45 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ മൂന്ന് മുതിർന്ന വിദേശ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഹാരറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി നടന്ന സംഭാഷണത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഗാസയിൽനിന്ന് യുഎഇയിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ ഫലസ്തീൻ ഉപദേഷ്ടാവിനെയും റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.
എന്നാൽ നെതന്യാഹുവിന്റെ പ്രതികരണം തന്നെ അമ്പരപ്പിച്ചതായി യുഎഇ പ്രസിഡൻ്റ് വ്യക്തമാക്കിയതായാണ് ഹാരറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിലെ കാര്യങ്ങൾ ഇസ്രയേൽ നിയന്ത്രണത്തിലാണെന്നും ഹമാസിന്റെ ഏതെങ്കിലും നീക്കം വെസ്റ്റ് ബാങ്കിൽ നിന്നായിരിക്കാനാണ് സാധ്യതയെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ തയ്യാറാണെന്നും നെതന്യാഹു യുഎഇ പ്രസിഡൻ്റിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഹമാസ് നേതാവ് യഹ്യാ സിൻവാറിൽ നിന്നാണ് ഹമാസിന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരം യുഎഇ പ്രസിഡൻ്റിന് ലഭിച്ചതെന്നും ഹാരറ്റ്സ് റിപ്പോർട്ട് പറയുന്നു. 2023 മധ്യത്തോടെ ഇസ്രയേലുമായി ഫലസ്തീൻ തടവുകാരുടെ മോചനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കാത്തതിൽ സിൻവാർ അസംതൃപ്തനായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ ഹാരറ്റ്സിന്റെ റിപ്പോർട്ട് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ റിപ്പോർട്ട് നിഷേധിച്ചു. 'ഇത് പൂർണമായും നുണയാണ്. പ്രധാനമന്ത്രി നെതന്യാഹു ബന്ധപ്പെട്ട കാലയളവിൽ യുഎഇ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് യുഎഇ പ്രസിഡന്റിൽ നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല' എന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസിൻ്റെ പ്രതികരണം. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഹാരറ്റ്സിന്റെ റിപ്പോർട്ട് ശരിയാണെന്ന് തനിക്ക് അറിയാമെന്ന് മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് എക്സിൽ കുറിച്ചു. ഒക്ടോബർ 7ലെ കൂട്ടക്കൊലയ്ക്ക് പത്ത് ദിവസം മുമ്പ് സിൻവാറിന്റെ നീക്കങ്ങളെക്കുറിച്ച് നെതന്യാഹുവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന ഇന്ന് പുറത്തുവന്ന റിപ്പോർട്ട് സത്യമാണ് എന്നാണ് ബെനറ്റിൻ്റെ പ്രതികരണം. 'ആയിരക്കണക്കിന് ഇസ്രയേലികളുടെ മരണത്തിലേക്ക് നയിച്ച പരാജയത്തിന് നെതന്യാഹുവിന് വ്യക്തിപരവും നേരിട്ടുള്ളതുമായ ഉത്തരവാദിത്തമുണ്ടെന്നും ബെനറ്റ് ആരോപിച്ചു. എന്നാൽ റിപ്പോർട്ട് ശരിയാണെന്ന് തനിക്ക് എങ്ങനെ അറിയാമെന്ന് ബെനറ്റ് വ്യക്തമാക്കിയില്ല. മുന്നറിയിപ്പുകളോടുള്ള നെതന്യാഹുവിന്റെ അവഗണന ക്രിമിനൽ അനാസ്ഥയ്ക്ക് തുല്യമാണെന്നും അതുകൊണ്ടാണ് സംഭവിച്ച കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുന്ന അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നത് തടയാൻ നെതന്യാഹു ശ്രമിക്കുന്നതെന്നും ബെനറ്റ് ആരോപിച്ചു. അദ്ദേഹം സംഭവസ്ഥലത്തേക്ക് പോയില്ല. സുരക്ഷാ സംവിധാനത്തിന്റെ മേധാവികളെ മുന്നറിയിപ്പു നൽകിയില്ല. ആക്രമണത്തിന് ഇസ്രയേലിനെ തയ്യാറാക്കിയില്ല. മന്ത്രിസഭാ യോഗം വിളിച്ചില്ല. അന്നത്തെ ദിവസങ്ങളിൽ അദ്ദേഹം എന്താണ് ചെയ്തത്? ഹമാസിന് ആവശ്യമായ സാധനങ്ങളും പണവും ലഭിക്കുന്ന സാഹചര്യം നിലനിർത്തി. കുറച്ച് കാലത്തേക്ക് സമാധാനം നിലനിർത്തുന്നതിനായി കൂടുതൽ ഫണ്ടുകൾ അനുവദിച്ചു. ഹമാസിന്റെ ഭീഷണികൾക്ക് മറുപടിയായി പലസ്തീൻ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അനുമതികൾ വാഗ്ദാനം ചെയ്തു. സുരക്ഷാ മേധാവികൾ നൽകിയ മുന്നറിയിപ്പുകളെ പതിവുപോലെ അവഗണിച്ചു' എന്നും ബെനറ്റ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പ്രധാന എതിരാളികളിലൊരാളായ മുൻ ഇസ്രയേൽ സൈനിക മേധാവി ഗാദി ഐസൻകോട്ടും ഹാരറ്റ്സിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചു. ഒക്ടോബർ ഏഴിലെ ദുരന്തത്തിലേക്ക് നെതന്യാഹു ഇസ്രയേലിനെ കണ്ണടച്ചുകൊണ്ട് നയിച്ചുവെന്ന നിഗമനത്തിലേക്കാണ് കൂടുതൽ കൂടുതൽ തെളിവുകൾ വിരൽചൂണ്ടുന്നതെന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഐസൻകോട്ട് കുറിച്ചത്.
Content Highlights: UAE President Sheikh Mohamed bin Zayed reportedly warned Israeli Prime Minister Benjamin Netanyahu about a major Hamas offensive around 10 days before the October 7, 2023 attack, but the warning was allegedly not passed on to senior Israeli security officials, according to a report citing a new book.