ഹോര്‍മൂസ് കടലിടുക്കിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം; വീണ്ടും സുരക്ഷാ ഭീഷണി

എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം

ഹോര്‍മൂസ് കടലിടുക്കിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം; വീണ്ടും സുരക്ഷാ ഭീഷണി
dot image

മസ്ക്കറ്റ് : ഹോര്‍മൂസ് കടലിടുക്ക് വഴി അറേബ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്നതിനിടെ ഒമാനിലെ ഖസബിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ അജ്ഞാതരുടെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു. ആക്രമണം നടന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. കപ്പലിന്റെ പേരോ തിരിച്ചറിയല്‍ വിവരങ്ങളോ ആക്രമണത്തിന്റെ ഉറവിടമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ആക്രമണത്തില്‍ ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.

ഈ സംഭവത്തില്‍ അമേരിക്കന്‍ സേനയ്ക്ക് പങ്കുണ്ടോ എന്നതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന കപ്പലുകളെ തടയുന്നതിനായി അമേരിക്ക നടപ്പാക്കിവരുന്ന സമുദ്ര ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ശ്രദ്ധേയമാകുന്നത്.

ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സൈനിക സാഹചര്യത്തിന് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായി ഉയര്‍ന്നുവരുന്നതിനിടെയാണ് ഈ ആക്രമണം. ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന ഭാഗം കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്ന ആശങ്കയും ശക്തമാണ്. മേഖലയില്‍ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ കപ്പലുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളത്.

നേരത്തെ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തിയിരുന്നു. ഞായറാഴ്ചയാണ് ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിലേക്ക് മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ തയ്യാറാക്കിയിരുന്ന ലോഞ്ചറുകളെയാണ് ലാർക്ക് ദ്വീപിൽ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതം. പണിഷ്മെൻ്റ് ഓഫ് ദി അഗ്രസർ എന്ന പേരിൽ നടത്തിയ സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ജോർദാനിലെ കിങ് ഹുസൈൻ, അൽ അസ്റാഖ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിൽ സൈനിക താവളങ്ങളിലെ സാങ്കേതിക, അറ്റകുറ്റപ്പണി സംവിധാനങ്ങളും ശത്രുവിന്റെ യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്ന കേന്ദ്രങ്ങളും തകർത്തതായാണ് ഐആർജിസിയുടെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജോർദ്ദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച എട്ട് മിസൈലുകൾ തകർത്തതായി ജോർദ്ദാൻ വ്യക്തമാക്കിയിരുന്നു

Content Highlights: Crude oil tanker attacked near Khasab, Oman, as tensions rise around the Strait of Hormuz

dot image
To advertise here,contact us
dot image