

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഫെബ്രുവരിയില്‍ യുഎസുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും വിലയിരുത്തി. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ സംയുക്ത സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഖ്ചിയും മറ്റ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം സംഘര്‍ഷഭരിതമായി തുടരുന്ന സാഹചര്യത്തിലാണ് മോദി-പെസെഷ്‌കിയാന്‍ കൂടിക്കാഴ്ച നടന്നത്. ഇറാന്റെ പ്രധാന പത്ത് വ്യാപാര പങ്കാളികളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഇറാനെതിരായ അമേരിക്കന്‍ ഉപരോധവും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ബാധിച്ചിട്ടുണ്ട്.
ജൂണില്‍ മോദിയും പെസെഷ്‌കിയാനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ധാരണയെ മോദി അന്ന് സ്വാഗതം ചെയ്യുകയും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിരുന്നു. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുള്ള പെസെഷ്‌കിയാന്‍ നേരത്തെ തന്നെ 'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ ആക്രമിക്കുന്നവര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കും' എന്ന് വ്യക്തമാക്കിയിരുന്നു. മേഖലയിലെ അസ്ഥിരത എല്ലാ രാജ്യങ്ങള്‍ക്കും ദോഷകരമാണെന്നും സാമ്പത്തിക, സുരക്ഷാ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ ഏകോപനം ആവശ്യമാണെന്നും ഇറാന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരുന്നു.
എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്യനുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സാമ്പത്തിക മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും അര്‍മേനിയയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും അവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും വിപുലീകരിക്കാനും അര്‍മേനിയയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നതായി മോദി വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജാപറോവിന്റെ ക്ഷണപ്രകാരം ആറാമത് വേള്‍ഡ് നോമാഡ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും.
Content Highlights: Prime Minister Narendra Modi met Iranian President Masoud Pezeshkian at the SCO Summit in Bishkek, discussing India-Iran ties and cooperation amid ongoing tensions between Iran and the US