എണ്ണ വിപണിയിൽ ONGCയുടെ വമ്പൻ ചുവടുവെപ്പ്; ക്രൂഡ് ട്രേഡിങ്ങിലേക്കും കമ്പനി, മംഗളൂരിൽ മെഗാ എണ്ണശേഖരം

പുതിയ സംഭരണശേഷിയുടെ പകുതി തന്ത്രപ്രധാന എണ്ണശേഖരമായി മാറ്റിവയ്ക്കാനാണ് സർക്കാർ നിർദേശം

എണ്ണ വിപണിയിൽ ONGCയുടെ വമ്പൻ ചുവടുവെപ്പ്; ക്രൂഡ് ട്രേഡിങ്ങിലേക്കും കമ്പനി,  മംഗളൂരിൽ മെഗാ എണ്ണശേഖരം
dot image

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയായ ONGC ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ട്രേഡിങ്ങിലേക്ക് കടക്കുന്നു. ഈ വർഷം അവസാനത്തോടെ പുതിയ ട്രേഡിങ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബായിലോ സിംഗപ്പൂരിലോ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പരിഗണന. ONGCയുടെ സ്വന്തം ക്രൂഡ്, ഉൽപ്പന്ന ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം മൂന്നാം കക്ഷികൾക്കായുള്ള ട്രേഡിങ്ങും യൂണിറ്റ് നടത്തും. HPCL, MRPL, ഒരു അന്താരാഷ്ട്ര ട്രേഡിങ് പങ്കാളി എന്നിവയും സംരംഭത്തിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ട്. ക്രൂഡ് സോഴ്സിങ്, ഫ്രൈറ്റ് മാനേജ്മെന്റ്, റിസ്ക് മാനേജ്മെന്റ് എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ വർഷത്തിൽ ഏകദേശം 1 ബില്യൺ ഡോളറിന്റെ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ONGC വിലയിരുത്തുന്നത്.

നിലവിൽ ONGC ഗ്രൂപ്പിലെ വിവിധ കമ്പനികൾ ക്രൂഡ് വാങ്ങലും വിൽപ്പനയും വ്യത്യസ്തമായി നടത്തുകയാണ്. ONGC ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ്, HPCL-യും MRPL-യും ഇറക്കുമതി ചെയ്യുന്ന ക്രൂഡ്, ONGC വിദേശിന്റെ വിദേശ ഉൽപ്പാദനം, OPaL-ന്റെ ഫീഡ്സ്റ്റോക്ക് ആവശ്യങ്ങൾ എന്നിവയ്ക്ക് ഒരു സിംഗിൾ കൊമേഴ്ഷ്യൽ ഇന്റർഫേസ് ഒരുക്കുകയാണ് പുതിയ ട്രേഡിങ് യൂണിറ്റിന്റെ ലക്ഷ്യം. ഇതിലൂടെ വിലപേശൽ ശേഷി വർധിപ്പിക്കാനും സപ്ലൈ-ചെയിൻ ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

എനർജി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗളൂരുവിൽ 17.5 ലക്ഷം ടൺ ശേഷിയുള്ള സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR)

നിർമിക്കാനും ONGC ഒരുങ്ങുന്നു. പദ്ധതിക്ക് ONGC തന്നെ ധനസഹായം നൽകും. നിലവിൽ രാജ്യത്തിനുള്ള 53.3 ലക്ഷം ടൺ ഡെഡിക്കേറ്റഡ് സ്ട്രാറ്റജിക് സ്റ്റോറേജ് ശേഷിയിലേക്ക് പുതിയ പദ്ധതി ഏകദേശം മൂന്നിലൊന്ന് അധിക ശേഷി കൂട്ടും.

പുതിയ സംഭരണശേഷിയുടെ പകുതി തന്ത്രപ്രധാന എണ്ണശേഖരമായി മാറ്റിവയ്ക്കാനാണ് സർക്കാർ നിർദേശം. ശേഷിക്കുന്ന പകുതി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ONGC അനുമതി തേടിയിട്ടുണ്ട്. മംഗളൂരു SEZ-ൽ ഇതിനായി ഭൂമി ഇതിനകം ലഭ്യമാണെന്നും നിർമാണ നടപടികൾ ഉടൻ ആരംഭിക്കാനാണ് പദ്ധതിയെന്നും ONGC ചെയർമാൻ എ.കെ. സിങ് അറിയിച്ചു.

നിലവിൽ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) സംവിധാനത്തിൽ വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലായി 5.33 മില്യൺ ടൺ ശേഷിയുണ്ട്. രാജ്യത്തെ മൊത്തം ക്രൂഡ്, പെട്രോളിയം ഉൽപ്പന്ന സംഭരണം ഉൾപ്പെടെ ഏകദേശം 74 ദിവസത്തെ നെറ്റ് ഓയിൽ ഇറക്കുമതിക്ക് തുല്യമായ സ്റ്റോക്ക് ഇന്ത്യയ്ക്കുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക്.

ട്രേഡിങ്ങിനും എണ്ണശേഖരത്തിനുമൊപ്പം സ്വന്തം എണ്ണ-വാതക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ONGC വലിയ നിക്ഷേപം നടത്തും. അടുത്ത അഞ്ച് വർഷത്തിനിടെ ഡീപ്‌വാട്ടർ, അൾട്രാ-ഡീപ്‌വാട്ടർ എക്സ്പ്ലോറേഷൻ മേഖലയിൽ ഏകദേശം 1 ലക്ഷം കോടി നിക്ഷേപിച്ച് 2031 മാർച്ചോടെ 87 പുതിയ കിണറുകൾ കുഴിക്കാനാണ് പദ്ധതി. രാജ്യത്തെ ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനത്തിലെ ഇടിവ് തിരിച്ചുപിടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ആഗോള എണ്ണവിപണിയിലെ ചാഞ്ചാട്ടവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിൽ, ക്രൂഡ് ഉൽപ്പാദനം, ആഗോള ട്രേഡിങ്, തന്ത്രപ്രധാന സംഭരണം എന്നീ മൂന്ന് മേഖലകളിലും ഒരേസമയം നീക്കം ശക്തമാക്കുകയാണ് ONGC. ഇതിലൂടെ കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ദീർഘകാല എനർജി സെക്യൂരിറ്റി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

Content Highlights: India’s state-owned oil and gas major ONGC is set to expand its presence in the oil market by entering crude trading, while also planning a 17.5-lakh-tonne strategic petroleum reserve in Mangalore.

dot image
To advertise here,contact us
dot image