ഒന്നിച്ച് ഓണാഘോഷം, സിനിമ; ഉറ്റസുഹൃത്തുക്കൾക്കിടയിൽ സംഭവിച്ചതെന്ത്? ദുരൂഹത ഒഴിയുന്നില്ല

കഴിഞ്ഞ എട്ടുവര്‍ഷമായി യുഎസില്‍ താമസിക്കുന്ന അഞ്ജന കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു

ഒന്നിച്ച് ഓണാഘോഷം, സിനിമ; ഉറ്റസുഹൃത്തുക്കൾക്കിടയിൽ സംഭവിച്ചതെന്ത്? ദുരൂഹത ഒഴിയുന്നില്ല
dot image

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ദുരൂഹതയേറുന്നു. ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഉറ്റസുഹൃത്തുക്കളായ ഇവരുടെ ഇടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ഇരട്ടക്കൊലയുടെ നടുക്കത്തിലാണ് യുഎസിലെ മലയാളി സമൂഹം. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാകാം ഈ അക്രമത്തിന് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അമേരിക്കയിലെ കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന മൂന്ന് മലയാളി യുവതികളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. തൃശൂര്‍ പീച്ചി/മണ്ണുത്തി സ്വദേശിനിയായ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇതേ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിച്ചിരുന്ന മലയാളി യുവതിയായ അനിലയെ അമേരിക്കന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന്, പാര്‍ക്കിങ് ലോട്ടില്‍ വാഹനാപകടം നടക്കുകയും ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മില്‍പിറ്റാസ് പൊലീസ് ഉദ്യോഗസ്ഥര്‍ മില്‍ ക്രീക്ക് അപാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരു നീല നിറത്തിലുള്ള എസ് യുവി പ്രദേശത്ത് നിന്ന് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇടിച്ച വാഹനം അടുത്തുള്ള പാര്‍ക്കിങ് ലോട്ടില്‍ കണ്ടെത്തുകയും ചെയ്തു. വാഹനത്തിന് അപകടത്തില്‍ കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. പിന്നാലെ ഇതേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന 32 വയസ്സുകാരിയായ അനിലയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

ഇതിനു പിന്നാലെയാണ് ആനിന്റെ കൊലപാതക വിവരം പുറത്തുവരുന്നത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ ഭര്‍ത്താവ് ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് കുത്തേറ്റ് ജീവനറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് സൂചനകളൊന്നും തന്നെയില്ലെന്നാണ് വിവരം. കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദിവസങ്ങളിലെല്ലാം അച്ഛന്റെ ആരോഗ്യവിവരങ്ങള്‍ തേടി മകള്‍ ആന്‍ മേരി മാത്യു പിതാവിനെ ഫോണില്‍ വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിഡിയോ കോള്‍ ചെയ്തിരുന്നു. പിന്നാലെയാണ് മകളുടെ ദുരന്തവാര്‍ത്ത എത്തുന്നത്.

സംഭവത്തെക്കുറിച്ച് കാലിഫോര്‍ണിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മില്‍പിറ്റാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആന്‍. ജേക്കബും യുഎസില്‍ തന്നെയാണ്. എന്‍ജിനീയറായ ആന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎസിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിലങ്ങൂര്‍ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. അദ്ദേഹവും യുഎസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി യുഎസില്‍ താമസിക്കുന്ന അഞ്ജന കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഇവര്‍ക്ക് ആറു വയസുള്ള മകളുണ്ട്. ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

Content Highlights: Two Malayali women, Anjana and Ann Mary Mathew, were killed in Milpitas, California, in a shocking double murder that has left the US Malayali community stunned. Police have detained their 32-year-old Malayali friend Anila, while the motive behind the killings remains unclear

dot image
To advertise here,contact us
dot image