പശ്ചിമേഷ്യയിൽ വീണ്ടും വെടിയൊച്ച: US ആക്രമണത്തിന് തിരിച്ചടി; ജോർദ്ദാനിലെ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ

ഹോർമൂസ് കടലിടുക്കിലേക്ക് മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ തയ്യാറാക്കിയിരുന്ന ലോഞ്ചറുകളെയാണ് ലാർക്ക് ദ്വീപിൽ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം

പശ്ചിമേഷ്യയിൽ വീണ്ടും വെടിയൊച്ച: US ആക്രമണത്തിന് തിരിച്ചടി; ജോർദ്ദാനിലെ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ
dot image

തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വീണ്ടും ഉടലെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എത്രപേർക്ക് പരിക്കേറ്റെന്നോ കൊല്ലപ്പെട്ടന്നോ ഉള്ള കൃത്യമായ കണക്ക് ഇറാൻ പുറത്തുവിട്ടിട്ടില്ല. ഹോർമൂസ് കടലിടുക്കിലേക്ക് മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ തയ്യാറാക്കിയിരുന്ന ലോഞ്ചറുകളെയാണ് ലാർക്ക് ദ്വീപിൽ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. പണിഷ്മെൻ്റ് ഓഫ് ദി അഗ്രസർ എന്ന പേരിൽ നടത്തിയ സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ജോർദാനിലെ കിങ് ഹുസൈൻ, അൽ അസ്റാഖ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിൽ സൈനിക താവളങ്ങളിലെ സാങ്കേതിക, അറ്റകുറ്റപ്പണി സംവിധാനങ്ങളും ശത്രുവിന്റെ യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്ന കേന്ദ്രങ്ങളും തകർത്തതായാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ ജോർദ്ദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച എട്ട് മിസൈലുകൾ തകർത്തതായി ജോർദ്ദാൻ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഇസ്ലാമിക് റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്താനുള്ള ശത്രുവിന്റെ നിരാശാജനകമായ ശ്രമങ്ങൾക്ക് പരിഹാരമാകില്ല. ഹോർമൂസ് കടലിടുക്കിനുമേലുള്ള ഇറാന്റെ നിയന്ത്രണം ദുർബലപ്പെടുത്താനുള്ള ഓരോ ശ്രമത്തിനും കൂടുതൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും എന്നും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലാർക്ക് ദ്വീപിന് നേരെയുണ്ടായ ഞായറാഴ്ചത്തെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

സൈനിക ആക്രമണങ്ങളിൽ നിന്ന് ഇറാനെതിരായ സാമ്പത്തിക യുദ്ധത്തിലേയ്ക്ക് അമേരിക്ക തന്ത്രം മാറ്റിയെന്ന വിലയിരുത്തലുകൾക്കിടയിലാണ് വീണ്ടും സൈനിക നീക്കം ഉണ്ടായിരിക്കുന്നത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാഹചര്യം ഉടലെടുത്തിരിക്കുന്നത്. നിലവിലെ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്ക് കീറാമുട്ടിയായി നിലനിൽക്കും എന്ന സൂചനയായാണ് പുതിയ ആക്രമണ പ്രത്യാക്രമണങ്ങളും സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് അമേരിക്കയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അമേരിക്കൻ സൈനിക സംരക്ഷണത്തിൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഹോർമൂസിലൂടെ കടന്നുപോയതായും അമേരിക്ക നേരത്തെ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഹോർമൂസിൽ ഉപരോധം തുടരുകയാണ് എന്നാണ് ഇറാൻ്റെ അവകാശവാദം, ഇറാൻ്റെ നിയന്ത്രണം മറികടന്ന് ഹോ‍ർമൂസിൽ കപ്പൽ ​ഗതാ​ഗതം നടക്കുന്നില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ നിത്യേന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലപാത അടച്ചിട്ടിരിക്കുകയാണെന്ന നിലപാടിൽ ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

Content Highlights: Iran launches missile and drone attacks on US military bases in Jordan in retaliation for a US strike, escalating tensions and violence in West Asia.

dot image
To advertise here,contact us
dot image