

മലയാള സിനിമാ സ്‌നേഹികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനായെത്തുന്ന 'ഐ ആം ഗെയിം'.നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് ആണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന തമിഴ് സംവിധായകന്‍ മിഷ്‌കിന്‍, ആന്റണി വര്‍ഗീസ്, തമിഴ് നടന്‍ കതിര്‍, നടി കയാദു ലോഹര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
'കാണാന്‍ പോകുന്ന പൂരം ഞാന്‍ ഇപ്പോഴേ പറയുന്നില്ല. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് 'ഐ ആം ഗെയിം'. ദുല്‍ഖര്‍ സല്‍മാനെ ഇത്ര സ്‌റ്റൈലിഷായി അവതരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ എന്ന് എനിക്കറിയില്ല', വിനയ് ഫോര്‍ട്ട് പറഞ്ഞു.
'എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞാല്‍ നഹാസ് എന്നെ ഇടിക്കും. സിനിമയിലേക്ക് വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വിക്രത്തിന്റെ കൂടെ വേതാളം എന്ന പോലെ ഞാന്‍ നഹാസിന്റെ കൂടെയുണ്ട്. അടുത്ത പടത്തിലും വിളിക്കും എന്ന് വിശ്വസിക്കുന്നു. ഡി.ക്യുവിന് ഒരുപാട് നന്ദി. സെപ്റ്റംബര്‍ മൂന്നിന് ഐ ആം ഗെയിം റിലീസ് ആണ്. നമ്മള്‍ തൂക്കും. ഇന്‍ഡസ്ട്രി ഹിറ്റാവട്ടെ', ആന്റണി വര്‍ഗീസ് പറഞ്ഞു.
'മമ്മൂക്കയും മോഹന്‍ലാലും എന്റെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. അവരാണ് എന്റെ മാസ്റ്റേഴ്സ്. അഭിനയം എന്താണെന്നും എന്തല്ലെന്നും പഠിപ്പിച്ചത് അവരാണ്', മിഷ്‌കിന്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'ഐ ആം ഗെയിം' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ മൂന്നിന് ചിത്രം ആഗോള റിലീസായി എത്തും.
Content Highlights: The biggest-budget film Malayalam has ever seen—Vinay Forrt on I Am Game. Vinay Forrt was speaking at the audio launch ceremony.