

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 1,643 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത് സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ സമയോചിതമായ ഇടപെടല്‍. ത്രിശൂലി താഴ്‌വരയിലെ ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായ 47-കാരന്‍ രാജേന്ദ്ര ദവാദിക്കിന്റെ ഇടപെടലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബുധനാഴ്ച രാവിലെ 9:20-ന് ഒരു സുഹൃത്തില്‍ നിന്നാണ് ഗ്രാമം വെള്ളത്തിനടിയിലായെന്നും ഉടന്‍ രക്ഷപ്പെടണമെന്നും ആവശ്യപ്പെട്ടുള്ള മുന്നറിയിപ്പ് ഇദ്ദേഹത്തിന് ലഭിക്കുന്നത്.
സ്‌കൂളിന്റെ മൂന്നുനില കെട്ടിടത്തിനകത്തും പരിസരത്തുമായി കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍, പ്രതികരിക്കാന്‍ ദവാദിക്ക് നിമിഷങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. നദിയില്‍ നിന്ന് ഏകദേശം 60 മീറ്റര്‍ ഉയരത്തിലും, ഗ്രാമത്തെ കിഴക്കന്‍ കരയുമായി ബന്ധിപ്പിക്കുന്ന സ്റ്റീല്‍ പാലത്തിന് തുല്യമായ നിരപ്പിലുമായി സ്ഥിതി ചെയ്യുന്ന കോണ്‍ക്രീറ്റ് കെട്ടിടം സുരക്ഷിതമാണെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയിരുന്നത്. എന്നാല്‍, ജലനിരപ്പ് അതിവേഗം ഉയരുകയാണെന്ന അടിയന്തര മുന്നറിയിപ്പുമായി ഒരു രക്ഷിതാവ് പിന്നീട് അവിടെയെത്തി.
ദവാദി ഉടന്‍ തന്നെ സ്‌കൂള്‍ ബെല്‍ മുഴക്കുകയും ക്ലാസ് മുറികളില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ ബന്ധപ്പെട്ട് ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ബസുകളും തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. അപകടത്തിന്റെ വ്യാപ്തി വ്യക്തമായതോടെ കുട്ടികള്‍ പരിഭ്രാന്തരായി ഓടിത്തുടങ്ങി. കടുത്ത പരിഭ്രാന്തിയിലായ ഒരു പെണ്‍കുട്ടിയെ മോട്ടോര്‍ ബൈക്കില്‍ കയറ്റി ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റി എന്ന് 'ദ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം മറ്റുള്ളവര്‍ കാല്‍നടയായി രക്ഷപ്പെടുകയായിരുന്നു. വെള്ളം, പാറക്കല്ലുകള്‍, മഞ്ഞ്, ചെളി, അവശിഷ്ടങ്ങള്‍ എന്നിവയുടെ കുത്തൊഴുക്ക് സ്‌കൂള്‍ കെട്ടിടങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ കുട്ടികള്‍ ഒടുവില്‍ ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ അഭയം പ്രാപിച്ചു. ദവാദിയുടെ സമയോചിതമായ ഇടപെടല്‍ 1,643 കുട്ടികളുടെയും, അധ്യാപകരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജീവന്‍ രക്ഷിച്ചു. പ്രഭാതഭക്ഷണം തയ്യാറാക്കാനായി പുഴയോരത്തുള്ള വാടകമുറിയിലേക്ക് മടങ്ങിയ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ സന്തോഷ് പരിയാര്‍ (32) ഒഴുക്കില്‍പ്പെട്ട് മരണമടയുകയായിരുന്നു. സ്‌കൂള്‍ ജീവനക്കാരനായ സുല്‍ത്താന്‍ ലാമയാകട്ടെ, വാതിലുകള്‍ അടയ്ക്കാന്‍ തിരികെപ്പോയതിനിടെയാണ് കൊല്ലപ്പെട്ടത്.
ഈ ദുരന്തം നേപ്പാളിലും അയല്‍പ്രദേശമായ ടിബറ്റിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. മഞ്ഞും പാറയും വന്‍തോതില്‍ അടര്‍ന്നു വീണതിനെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം മലനിരകളിലെ നദിയിലൂടെ കുതിച്ചൊഴുകുകയും കെട്ടിടങ്ങളും പാലങ്ങളും വൈദ്യുത നിലയങ്ങളും തകര്‍ക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നേപ്പാളില്‍ 734 പേരും ടിബറ്റില്‍ 16 പേരും മരിച്ചു. കൂടാതെ നേപ്പാളില്‍ 2,498 പേരെയും ടിബറ്റിലെ ഗിറോങ് കൗണ്ടിയില്‍ 546 പേരെയും കാണാതായിട്ടുണ്ട്. ലാംഗ്ടാങ് ലിറുങ് കൊടുമുടിയില്‍ നിന്ന് അടര്‍ന്നുമാറിയ കൂറ്റന്‍ ഹിമാനി, ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള ലെന്‍ഡെ ഖോല നദിയുടെ കുത്തനെയുള്ള മലയിടുക്കിലേക്ക് ഏകദേശം 1,200 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടനിലെ ഗ്രീന്‍ പാര്‍ക്കിന് ഏകദേശം തുല്യമായ, 50 ഏക്കറോളം വരുന്ന പ്രദേശത്തോളം ഈ ഹിമാനി വ്യാപിച്ചുകിടന്നിരുന്നതായി കാല്‍ഗറി സര്‍വകലാശാലയിലെ ഭൗമരൂപ ശാസ്ത്രജ്ഞനായ ഡാനിയല്‍ ഷുഗര്‍ കണക്കാക്കുന്നു.
Content Highlights: A timely warning and quick response by 47-year-old school principal Rajendra Dawadi helped safeguard 1,643 students during a flash flood in Nepal’s Nuwakot district. After receiving an urgent warning that the nearby village was being overwhelmed by rapidly rising water, Dawadi had only minutes to respond and take necessary precautions at Tribhuvan Trishuli Secondary School.