

കണ്ണൂര്‍: സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആവര്‍ത്തിച്ചുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് വീണ്ടും സിപിഐഎം നേതാവ് പി കെ ശ്രീമതി. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛര്‍ദ്ദിക്കുന്നുവെന്ന് ശ്രീമതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആധുനിക കേരളത്തിന് മാപ്പ് നല്‍കില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.
നബിദിന ആഘോഷവുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കി വിവാദത്തിലായതിന് പിന്നാലെ ഇന്ന് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കാന്തപുരം രംഗത്തെത്തിയിരുന്നു. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്‌ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരത്തിന്‍റെ പ്രസ്താവന. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശമാണ്. അതാണ് ഇസ്‌ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല', കാന്തപുരം പറഞ്ഞു.
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
Content Highlights: CPI(M) leader P K Sreemathy again criticised Samastha leader Kanthapuram A P Aboobacker Musliyar over his repeated remarks on women