

സുഖകരമായ ഉറക്കത്തിന് നല്ല കിടക്ക അത്യാവശ്യമാണ്. നമ്മള്‍ പലപ്പോഴും കിടക്കയുടെ വിരികള്‍, തലയിണകള്‍, വൃത്തി എന്നിവയില്‍ ശ്രദ്ധ ചെലുത്താറുണ്ട്. പക്ഷേ മെത്തയുടെ കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്താറില്ല. പലരും വീടുകളില്‍ വര്‍ഷങ്ങളായി ഒരേ മെത്തയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കാലക്രമേണ മെത്തയുടെ ഗുണനിലവാരം കുറയാന്‍ തുടങ്ങുന്നു. ഒരു മെത്ത എത്ര വര്‍ഷം കൂടുമ്പോഴാണ് മാറ്റേണ്ടത്. അതിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ? ഇതൊക്കെ എങ്ങനെ അറിയാന്‍ കഴിയും?
ഒരു നല്ല മെത്തയ്ക്ക് സാധാരണയായി 7 മുതല്‍ 10 വര്‍ഷം വരെ ആയുസ്സ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ ഇത് മെത്തയുടെ ഗുണനിലവാരം, ഉപയോഗം, ഭാരം, പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില മെത്തകള്‍ നേരത്തെ തന്നെ കേടാകാന്‍ തുടങ്ങിയേക്കാം. അതേസമയം ഉയര്‍ന്ന നിലവാരമുള്ള മെത്തകള്‍ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കൂടുതല്‍ നാള്‍ ഉപയോഗിക്കുകയാണെങ്കില്‍ മെത്തയ്ക്കുള്ളിലെ Foam, Spring ഇവയൊക്കെ കേടായേക്കാം.

മെത്ത മാറ്റേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം അതില്‍ കുണ്ടും കുഴിയും പോലെയുണ്ടാകുന്ന അവസ്ഥയാണ്. മെത്തയുടെ മധ്യത്തിലോ ഏതെങ്കിലും ഭാഗത്തിലോ ഒരു കുഴി രൂപപ്പെടുകയും, അതില്‍ കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരം ഒരു വശത്തേക്ക് ചരിഞ്ഞതായി തോന്നുകയും ചെയ്താല്‍ മെത്ത തേഞ്ഞുപോയി എന്നതിന്റെ സൂചനയാണിത്.

മറ്റ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ എല്ലാ ദിവസവും രാവിലെ പുറം, തോളുകള്‍ അല്ലെങ്കില്‍ കഴുത്ത് എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ മെത്ത അതിനൊരു കാരണമായിരിക്കും. പഴയതോ അമിതമായി കുണ്ടും കുഴിയും നിറഞ്ഞതോ ആയ ഒരു മെത്ത ചിലപ്പോള്‍ ശരീരവേദനയിലേക്ക് നയിച്ചേക്കാം.

സ്പ്രിംഗ് മെത്തകളിലെ സ്പ്രിംഗുകള്‍ കാലക്രമേണ ദുര്‍ബലമാവുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നു. നിങ്ങള്‍ തിരിയുമ്പോഴോ ഇരിക്കുമ്പോഴോ മെത്ത തുടര്‍ച്ചയായി ക്രീക്കിംഗ് ശബ്ദം പുറപ്പെടുവിക്കുകയാണെങ്കില്‍ അത് പഴക്കത്തിന്റെ ലക്ഷണമായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍ മെത്ത മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

മെത്തയില്‍ തേയ്മാനം, കീറലുകള്‍ ,സ്പ്രിങ് പുറത്തേക്ക് വരുന്നത്, അസമമായ പ്രതലം, അല്ലെങ്കില്‍ മെത്ത ഉപയോഗിക്കുമ്പോള്‍ സ്ഥിരമായ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ സമയമായി എന്നാണ് അര്‍ഥം. 7 മുതല്‍ 10 വര്‍ഷം വരെ മെത്ത മാറ്റാനുള്ള ഒരു പൊതു കണക്കാണ്. എന്നാല്‍ മെത്തയുടെ ഉപയോഗം സുഖകരമല്ലെങ്കില്‍ തേഞ്ഞ പ്രതലമുണ്ടെങ്കില്‍, അല്ലെങ്കില്‍ അതില്‍ ഉറങ്ങുമ്പോള്‍ സുഖം തോന്നുന്നില്ലെങ്കില്‍ മെത്ത മാറ്റിസ്ഥാപിക്കാനുള്ള സമയമായി എന്ന് മനസിലക്കാം.
Content Highlights :A mattress is something you use for years after purchasing it. However, after a certain period, it begins to affect the quality of your sleep.