കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി; രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം; ലോക്‌നാഥ് ബഹ്‌റ

വലുപ്പത്തില്‍ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനം നമ്മുടേതാണ്

കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി; രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം; ലോക്‌നാഥ് ബഹ്‌റ
dot image

കൊച്ചി: കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ലോക്‌നാഥ് ബെഹ്‌റ. കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ചടങ്ങിലാണ് ലോക്‌നാഥ് ബഹ്‌റ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. അഞ്ചുവര്‍ഷം മുന്‍പ് പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാര്‍ 15,000 മാത്രമായിരുന്നു. നിലവില്‍ അത് 1,25,000 ആയി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. 'മൈ മെട്രോ' ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാന്‍ കഴിഞ്ഞു. വാട്‌സാപ്പ് ടിക്കറ്റിങ്, ഒഎന്‍ഡിസി സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ ലളിതമാക്കി. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. വലുപ്പത്തില്‍ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനം നമ്മുടേതാണെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ബെഹ്‌റ പറഞ്ഞു.

Also Read:

രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ 'കൊച്ചി വാട്ടര്‍ മെട്രോ' പദ്ധതി വിജയകരമായി നടപ്പിലാക്കിയെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി. രാജ്യത്ത് 18 സ്ഥലങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ ഫീസബിലിറ്റി പഠനം നടത്തി. മുംബൈ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരുന്നു. ഭാവിയില്‍ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ മെട്രോ വരണമെന്നാണ് ആഗ്രഹമെന്നും ബെഹ്‌റ പറഞ്ഞു.

കഴിഞ്ഞ 4 വര്‍ഷമായി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 53 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കാന്‍ കെഎംആര്‍എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങള്‍, ഓക്ഷന്‍ എന്നിവയിലൂടെ നേടാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെടുത്തി 15 ഫീഡര്‍ ഇലക്ട്രിക് ബസുകളും സര്‍വീസ് ആരംഭിച്ചതും കൊച്ചി നഗരത്തില്‍ 52 കിലോമീറ്റര്‍ നീളത്തില്‍ കാല്‍നടയാത്രക്കാര്‍ക്കായി അത്യാധുനിക ഫുട്പാത്തുകള്‍ നിര്‍മിച്ചതും ബെഹ്‌റ പ്രത്യേകം പരാമർശിച്ചു.

Content Highlights: Loknath Behera highlighted Kochi Metro’s rise in daily ridership from 15,000 to 1.25 lakh over five years, along with its operational profits, digital ticketing initiatives and expansion plans

dot image
To advertise here,contact us
dot image