

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള 'സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്' യുഎഇയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ അനുമതി. 10 വർഷത്തേക്കാണ് കമ്പനിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്ത് അതിവേഗ ബ്രോഡ്‌ബാൻഡ് ഉപഗ്രഹ ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ‘ജനറൽ സ്‌പേസ് സർവീസസ് ലൈസൻസ്’ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് (TDRA) സ്റ്റാർലിങ്കിന് അനുവദിച്ച് നല്‍കിയിരിക്കുന്നത്.
നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5G നെറ്റ്‌വർക്കുകൾക്ക് ഒപ്പം സാറ്റ്ലൈറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി കൂടി എത്തുന്നതോടെ യുഎഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ കരുത്തുറ്റതാകും. പ്രതികൂല കാലാവസ്ഥകളിലോ അടിയന്തര സാഹചര്യങ്ങളിലോ പോലും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ സാറ്റലൈറ്റ് നെറ്റ്‌വർക്ക് സഹായിക്കും. സാധാരണ ഉപഭോക്താക്കൾക്ക് മാത്രമല്ല, വിമാന സർവീസുകൾ, സമുദ്ര ഗതാഗതം, ഊർജ മേഖല, ലോജിസ്റ്റിക്സ്, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കും വിവിധ ബിസിനസ്-സർക്കാർ സ്ഥാപനങ്ങൾക്കും സ്റ്റാർലിങ്കിന്റെ സേവനം വലിയ തോതിൽ പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
നൂതന സാങ്കേതികവിദ്യകളെ വേഗത്തിൽ ഉൾക്കൊള്ളാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനുമുള്ള യുഎഇയുടെ നയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ടിഡിആർഎ ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മെസ്മർ വ്യക്തമാക്കി. ടെലികോം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ആഗോള ഹബ്ബായി രാജ്യം മാറുന്നതിന് ഈ ചുവടുവെപ്പ് വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകാനും സേവന നിലവാരം മെച്ചപ്പെടുത്താനും സ്റ്റാർലിങ്കിന്റെ വരവ് വഴിയൊരുക്കും.
'വി ദി യുഎഇ 2031' (We the UAE 2031), യുഎഇ ഡിജിറ്റൽ അജണ്ട എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് നടപടി. രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങൾ, വിവര സാങ്കേതിക സംരക്ഷണം, ഡാറ്റാ സ്വകാര്യത, ഉപഭോക്തൃ അവകാശങ്ങൾ എന്നിവ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തിക്കുക. ആവശ്യമായ സ്പെക്ട്രം നിയന്ത്രണങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും കമ്പനി പാലിക്കേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
Content Highlights: Elon Musk's Starlink has secured a 10-year licence to provide satellite-based internet services in the UAE. The approval is expected to expand high-speed connectivity options, particularly where conventional fixed-line infrastructure may be difficult to deploy. Starlink's low-Earth-orbit satellite network could provide an additional connectivity option for homes, businesses and remote locations across the country.