

ബെയ്ജിങ്: ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡിനെ മറികടന്ന് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ വികസിപ്പിച്ച റോബോട്ട് 100 മീറ്റര്‍ ഓട്ടം 9.32 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിനെ ഉദ്ദരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈറ്റ്‌നിങ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് സെക്കന്‍ഡില്‍ 14.5 മീറ്റര്‍ വേഗത കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ബെയ്ജിങ്ങില്‍ ആരംഭിച്ച രണ്ടാം വേള്‍ഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി നടന്ന പരീക്ഷണ മത്സരത്തിലായിരുന്നു പ്രകടനം. 2009ല്‍ ബെര്‍ലിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡിന്റെ 100 മീറ്റര്‍ ലോക റെക്കോര്‍ഡിനെയാണ് ലൈറ്റ്‌നിങ് മറികടന്നത്.
ഹ്യൂമനോയ്ഡ് റോബോട്ടുകളെ വളര്‍ന്നുവരുന്ന പ്രധാന വ്യവസായമായി പ്രോത്സാഹിപ്പിച്ചു വരികയാണ് ചൈന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും മറ്റ് സാങ്കേതിക മികവുകളുടെയും പുരോഗതിയോടെ തങ്ങളുടെ നിര്‍മാണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ റോബോട്ടുകളുടെ ഉപയോഗം വേഗത്തിലാക്കുമെന്നാണ് കമ്പനികളും പ്രതീക്ഷിക്കുന്നത്.
ഏപ്രിലില്‍ നടന്ന ബെയ്ജിങ് ഹാഫ് മാരത്തണിലും ലൈറ്റ്‌നിങ് വിജയിച്ചിരുന്നു. 21 കിലോമീറ്റര്‍ ദൂരം 50 മിനിറ്റും 26 സെക്കന്‍ഡും കൊണ്ടാണ് അന്ന് റോബോട്ട് മത്സരം പൂര്‍ത്തിയാക്കിയത്. മനുഷ്യരുടെ എലൈറ്റ് വിഭാഗത്തിലെ ലോക റെക്കോര്‍ഡ് വേഗതയേക്കാള്‍ വേഗത്തിലായിരുന്നു ഇതെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാഫ് മാരത്തണിന്റെ സമയത്ത് റോബോട്ടിന് 169 സെന്റിമീറ്റര്‍ ഉയരവും 95 സെന്റിമീറ്റര്‍ നീളമുള്ള കാലുകളുമായിരുന്നു ഉണ്ടായിരുന്നത്. വേള്‍ഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി ഗവേഷകര്‍ കാലുകളുടെ നീളം 10 സെന്റിമീറ്റര്‍ വര്‍ധിപ്പിച്ച് 1.05 മീറ്ററാക്കി.
Content Highlights: China’s Honor-developed humanoid robot Lightning runs 100m in 9.32 seconds, surpassing Usain Bolt’s 9.58-second world record