സെപ്റ്റംബർ 1 മുതൽ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ബോർഡിങ് പാസ് സ്റ്റാമ്പിങ് ഒഴിവാക്കും

പുതിയ സംവിധാനപ്രകാരം വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കുടിയേറ്റ പരിശോധനയ്ക്കായി മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് ബോർഡിങ് പാസ് ഹാജരാക്കിയാൽ മതിയാകും.

സെപ്റ്റംബർ 1 മുതൽ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ബോർഡിങ് പാസ് സ്റ്റാമ്പിങ് ഒഴിവാക്കും
dot image

അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന നിർണായക മാറ്റവുമായി ഇന്ത്യ. സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കുടിയേറ്റ പരിശോധനാ കൗണ്ടറുകളിൽ ബോർഡിങ് പാസ് നിർബന്ധമായും സ്റ്റാമ്പ് ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കുടിയേറ്റ ബ്യൂറോയാണ് ഇതുസംബന്ധിച്ച നിർദേശം വിമാനത്താവള അധികൃതർക്ക് കൈമാറിയത്.

പുതിയ സംവിധാനപ്രകാരം വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കുടിയേറ്റ പരിശോധനയ്ക്കായി മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് ബോർഡിങ് പാസ് ഹാജരാക്കിയാൽ മതിയാകും. ഇതോടെ കടലാസിൽ ലഭിക്കുന്ന ബോർഡിങ് പാസ് കൈവശം വച്ച് കുടിയേറ്റ ഉദ്യോഗസ്ഥന്റെ സ്റ്റാമ്പ് വാങ്ങേണ്ട സാഹചര്യം ഒഴിവാകും. യാത്രക്കാർക്ക് ഭൗതിക ബോർഡിങ് പാസ് ഉപയോഗിക്കുന്നതിനും തടസ്സമുണ്ടാകില്ല. എന്നാൽ സെപ്റ്റംബർ ഒന്ന് മുതൽ അത്തരം ബോർഡിങ് പാസുകളിൽ കുടിയേറ്റ അധികൃതർ സ്റ്റാമ്പ് രേഖപ്പെടുത്തില്ല.

നിലവിലെ സ്റ്റാമ്പിങ് നടപടിക്രമം യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മാറ്റം. കൂടാതെ ശരിയായ രീതിയിൽ സ്റ്റാമ്പ് പതിക്കാത്തതിനാൽ ബോർഡിങ് പാസിലെ വിവരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കുടിയേറ്റ പരിശോധന കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുമാണ് പുതിയ തീരുമാനം.വിമാനത്താവളങ്ങളിലെയും വ്യോമയാന മേഖലയിലെയും ജീവനക്കാരെ പുതിയ നടപടിക്രമത്തെക്കുറിച്ച് ബോധവത്കരിക്കാനും കുടിയേറ്റ ബ്യൂറോ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ കേന്ദ്ര വ്യവസായ സുരക്ഷാ സേന ബോർഡിങ് പാസ് സ്റ്റാമ്പ് ചെയ്യുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഈ സ്റ്റാമ്പിങ് നടപടി സുരക്ഷാ സേന വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചിരുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ ബോർഡിങ് പാസ് കുടിയേറ്റ പരിശോധനയ്ക്കായി മാത്രമാണ് ഹാജരാക്കേണ്ടിയിരുന്നത്.

ഇതിന് പിന്നാലെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളുടെ യാത്രയ്ക്കിടെ പാസ്‌പോർട്ടിൽ കുടിയേറ്റ പ്രവേശന, പുറപ്പെടൽ സ്റ്റാമ്പുകൾ പതിക്കുന്ന രീതിയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനായി പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണം പൂർത്തിയായ ശേഷം ഈ സംവിധാനവും രാജ്യത്തെ വിമാനത്താവളങ്ങളിൽ വ്യാപകമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights:India will stop stamping boarding passes for international travellers from September 1. Electronic boarding passes displayed on mobile phones can be used for immigration checks. Passengers carrying physical boarding passes can still use them, but immigration officials will not stamp them.

dot image
To advertise here,contact us
dot image