

സൗദി അറേബ്യയിൽ സ്കൂൾ വിദ്യാർത്ഥികളുടെ പഠനം സംബന്ധിച്ച കാര്യങ്ങൾ ഇനി മാതാപിതാക്കൾക്ക് ഒരൊറ്റ ക്ലിക്കിൽ അറിയാം. കുട്ടികളുടെ ഐഡി കാർഡിലെ ക്യൂആർ കോഡ് വഴിയാണ് മാതാപിതാക്കൾക്കും സ്കൂൾ അധ്യാപകർക്കും ആശയവിനിമയത്തിന് സാഹചര്യം ഒരുങ്ങുന്നത്. രാജ്യത്ത് പൊതുവിദ്യാലയങ്ങൾ നാളെ തുറക്കാനിരിക്കെയാണ് അധികൃതരുടെ പുതിയ പ്രഖ്യാനം. ഇതുവഴി മാതാപിതാക്കൾക്ക് നേരിട്ട് സ്‌കൂളുകളിൽ എത്താതെ തന്നെ കുട്ടികളുടെ പഠനപുരോഗതി മനസ്സിലാക്കാനും അധ്യാപകരുമായി ആശയവിനിമയം നടത്താനും കഴിയും.
മന്ത്രാലയത്തിന്റെ 'യൂണിഫൈഡ് എജ്യുക്കേഷൻ പോർട്ടൽ' വഴിയാണ് രക്ഷിതാക്കൾക്കായി ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ഗൃഹപാഠങ്ങൾ, പരീക്ഷാ വിവരങ്ങൾ, മറ്റ് അസൈൻമെന്റുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ പോർട്ടലിലൂടെ സാധിക്കും. സ്കൂള സന്ദർശനം ഒഴിവാക്കി അധ്യാപകരുമായും ഭരണവിഭാഗവുമായും നേരിട്ട് സംസാരിക്കാൻ പ്രത്യേക മെസ്സേജിംഗ് സൗകര്യവും ഇതിലുണ്ട്.
വിദ്യാർത്ഥികൾക്കായി ക്യുആർ കോഡ് അടങ്ങിയ ഔദ്യോഗിക ഡിജിറ്റൽ തിരിച്ചറിയൽ കാർഡും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ പേര്, ഐഡി നമ്പർ, സ്കൂൾ, ക്ലാസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഈ ഐഡി കാർഡ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
ഡിജിറ്റൽ വിദ്യാഭ്യാസ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. പഠനകാര്യങ്ങൾക്ക് പുറമെ സ്കൂൾ ബസ് രജിസ്ട്രേഷൻ, സ്കൂൾ മാറ്റം, ഗാർഡിയൻ രജിസ്ട്രേഷൻ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മറ്റ് സേവനങ്ങളും ഇനി ഈ ഒറ്റ പോർട്ടൽ വഴി ലഭ്യമാകും.
Content Highlights: Saudi Arabia has introduced a digital ID card system for students that enables easy access to learning information and academic records. The initiative aims to simplify education services by bringing student details onto a single digital platform.